കോട്ടയം മൂലവട്ടം അമൃത സ്കൂളിൽ നിന്നും കുട്ടികളുടെ ‘ഡേറ്റാ മോഷ്ടിച്ചു’ : സ്കൂൾ അധികൃതർ അറിയാതെ വിവരം മോഷ്ടിച്ചത് മറ്റൊരു എയ്ഡഡ് സ്കൂൾ

കോട്ടയം : മൂലവട്ടം അമൃതാ ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ ‘ഡേറ്റാ മോഷണം’. അധ്യാപകർ അറിയാതെ വിദ്യാർത്ഥികളുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്നും മോഷ്ടിച്ച് കടത്തുകയായിരുന്നു എന്നാണ് സംശയം. സ്കൂളിലെ മൂന്ന് കുട്ടികളുടെ വിവരങ്ങളാണ് കമ്പ്യൂട്ടറിൽ നിന്നും , സ്കൂൾ രേഖകളിൽ നിന്നും അപ്രത്യക്ഷമായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15 ന് പ്രിൻ്റ് എടുത്തപ്പോൾ സമ്പൂർണ എന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ് സൈറ്റിൽ ഈ കുട്ടികളുടെ വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ , രണ്ടരയോടെ അടുത്ത പ്രിൻ്റ് എടുക്കുമ്പോൾ കുട്ടികളുടെ വിവരങ്ങൾ സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. സ്കൂൾ അധികൃതരുടെയോ , ഹെഡ്മിസ്ട്രസിൻ്റെയോ സമ്മതമില്ലാതെയാണ് ഈ ക്രമക്കേട് നടന്നതെന്നാണ് വിവരം. മറ്റൊരു എയ്ഡഡ് സ്കൂളിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഈ ക്രമക്കേട് നടത്തി എന്നാണ് സംശയിക്കുന്നത്. ഈ കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിൽ ടി.സി യ്ക്ക് അപേക്ഷ നൽകുകയോ മറ്റോ ചെയ്തിരുന്നില്ല. ഇത്തരം അപേക്ഷകൾ ഒന്നും ഇല്ലാതെ എങ്ങിനെയാണ് കുട്ടികളുടെ വിവരങ്ങൾ സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന് പിന്നിൽ വലിയ മാഫിയ തന്നെ ഉണ്ട് എന്നാണ് സംശയിക്കുന്നത്. കട്ടപ്പന ഇരട്ടയാർ സർക്കാർ സ്കൂളിൽ നിന്ന് ഇത്തരത്തിൽ വിവരങ്ങൾ ചോർന്ന വിവരം പുറത്ത് വന്നതോടെയാണ് അമൃത സ്കൂൾ അധികൃതർ തങ്ങളുടെ കുട്ടികളുടെ ഡേറ്റ ചോർന്നതിൽ ബാഹ്യ ഇടപെടൽ സംശയിച്ചത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് മൂലവട്ടം അമൃത സ്കൂൾ അധികൃതർ.

Advertisements

Hot Topics

Related Articles