കോട്ടയം : നിരന്തര കുറ്റവാളിക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളിയായ ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറമ്പോക്കില്‍ വീട്ടില്‍ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു (48) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നത്. ഇതിനെതിരെ ഇയാള്‍ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോവുകയായിരുന്നു. എന്നാൽ പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു. ഇയാള്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുവാറ്റുപുഴ സബ് ജയിലില്‍ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കരുതൽ തടങ്കൽ ആക്കുന്നത്.