ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജനുവരി28 ശനിയാഴ്ച

 

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജനുവരി 28 ശനിയാഴ്ച ജില്ലാ പഞ്ചായത്തിൽ നടക്കും. രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയാണ് വരണാധികാരി.

തെരഞ്ഞെടുപ്പ് ഇങ്ങനെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് യോഗം നിശ്ചയിക്കപ്പെട്ട സമയത്ത് ചേർന്നാണ് തെരഞ്ഞെടുപ്പു നടപടികൾ പൂർത്തീകരിക്കുക. യോഗത്തിൽ ഹാജരാകുന്ന ഓരോ അംഗവും യോഗത്തിനെത്തിയ സമയം വരണാധികാരി പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും. ജില്ലാ പഞ്ചായത്തിലെ വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയായിരിക്കും യോഗത്തിന്റെ ക്വാറം. യോഗം ആരംഭിച്ചാലുടൻ യോഗം വിളിച്ചതിന്റെ ഉദ്ദേശ്യം വരണാധികാരി വ്യക്തമാക്കും. 

തുടർന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ അംഗങ്ങളെ വായിച്ചു കേൾപ്പിക്കും. തുടർന്ന് പ്രസിഡന്റ്/വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനുള്ള സ്ഥാനാർഥികളെ നാമനിർദേശം ചെയ്യാൻ അംഗങ്ങളെ ക്ഷണിക്കും. ഒരംഗത്തെ മറ്റൊരംഗം സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യണം. വേറെ ഒരംഗം പിന്താങ്ങണം. ഒരംഗം ഒന്നിലധികം പേരുകൾ നിർദ്ദേശിക്കാനോ പിന്താങ്ങാനോ പാടില്ല. നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർഥികളുടെ പേരും അവരെ നിർദ്ദേശിച്ചവരുടെയും പിന്താങ്ങിയവരുടെയും പേരും യോഗത്തിൽ വരണാധികാരി വായിക്കും. 

ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് നടത്തും. ബാലറ്റ് പേപ്പറിൽ എല്ലാ സ്ഥാനാർഥികളുടെയും പേരും മറുപുറത്ത് വരണാധികാരിയുടെ പൂർണമായ ഒപ്പും മുദ്രയും കാണും. അംഗങ്ങൾക്ക് ഒന്നാം നമ്പർ ഫോറത്തിലുള്ള ബാലറ്റ് പേപ്പർ നൽകും. അംഗങ്ങൾക്ക് വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കും. വോട്ടുചെയ്ത ശേഷം ബാലറ്റ് പേപ്പർ റിട്ടേണിംഗ് ഓഫീസറുടെ സമീപത്തു ക്രമീകരിച്ച പെട്ടിയിലോ ട്രേയിലോ നിക്ഷേപിക്കണം. ബാലറ്റു പേപ്പറിൽ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനു നേരേ x (ഗുണനചിഹ്നം)എന്ന അടയാളം ഇടുകയും ബാലറ്റു പേപ്പറിന്റെ പുറകുവശത്ത് വോട്ടുചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തുകയും ചെയ്യണം. 

വോട്ടെടുപ്പ് പൂർത്തീകരിച്ചശേഷം അംഗങ്ങളുടെ സാന്നിധ്യത്തിൽ വരണാധികാരി വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന അംഗം വരണാധികാരി മുമ്പാകെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന അംഗം പ്രസിഡന്റ് മുമ്പാകെയും സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പുവയ്ക്കണം. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരവും കക്ഷിബന്ധവും തെരഞ്ഞെടുപ്പുദിവസം തന്നെ വരണാധികാരി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.

Hot Topics

Related Articles