കോട്ടയം : കോട്ടയത്തെ ഓട്ടോ കൊള്ളയ്ക്ക് അറുതിവരുത്താൻ മോട്ടോർ വാഹന വകുപ്പ്. ജാഗ്രത ന്യൂസ് പുറത്ത് കൊണ്ടുവന്ന ഓട്ടോ കൊളളയുടെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ.ടി.ഒ ജി ഹരികൃഷ്ണന്റെ നിർദേശാനുസരണം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രജു വള്ളിക്കുന്നവും , ഉമാനാഥുമാണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ ഓഫിസിൽ നിന്നടക്കം വിഷയത്തിൽ ആർ.ടി.ഒയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വയനാട്ടിൽ നിന്നെത്തിയ യുവതിയുടെ പക്കൽ നിന്നും ആറു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 450 രൂപ കൂലി വാങ്ങിയിരുന്നു, ഇത് പരാതിയായി ഉയർന്നതിന് പിന്നാലെയാണ് കളക്ടറുടെ ഓഫിസിൽ നിന്നടക്കം രണ്ട് പരാതികൾ കൂടി ഓട്ടോ ഡ്രൈവർമാർക്ക് എതിരെ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം നടത്തി അമിത കൂലി വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.