കോട്ടയം : കോട്ടയം സംക്രാന്തിയിൽ വാഹനങ്ങളുടെ കൂട്ടയിടി . അമിത വേഗത്തിൽ എത്തിയ കാർ ബസ്സിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ബസ്സിന്റെ പിന്നാലെ എത്തിയ മറ്റു വാഹനങ്ങളും അപകടത്തിൽപ്പെട്ടു. എറണാകുളത്തു നിന്നും കോട്ടയം റൂട്ടിൽ എത്തിയ എം ആന്റ് എം ബസ്സിൽ എതിർദിശയിൽ നിന്ന് എത്തിയ ഹുണ്ടായി ക്രെറ്റ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം തകർന്നു .
പൂർണ്ണമായും തകർന്ന കാർ റോഡരികിലേക്ക് ഇടിച്ചു തെറിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് ബസ് നിർത്തിയതോടെ ബസിന് പിന്നാലെ എത്തിയ ടാറ്റാ സുമോ ബസ്സിന് പിന്നിലേക്ക് ഇടിച്ചു കയറി. ഈ സമയം ബസ്സിനും സുമോയ്ക്കും ഇടയിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപെട്ടത് അപകടത്തിൽ കാർ യാത്രക്കാർ ഉൾപ്പെടെ നാലോളം പേർക്ക് പരിക്ക് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം എം സി റോഡിൽ സംക്രാന്തി നീലിമംഗലം പാലം കയറുന്നതിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.