കോട്ടയം: പുതുപ്പള്ളിയിലെ കള്ളുഷാപ്പിലെത്തി കള്ളനോട്ട് നൽകിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് ഇരുപത് വർഷത്തിന് ശേഷം പിടികൂടി. 2001 ൽ നൂറ് രൂപയുടെ 34 കള്ളനോട്ടുമായി പിടിയിലായി കേസിന്റെ വിചാരണരണയ്ക്കിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ കേസിലെ പ്രതിയെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി പയ്യപ്പാടി സ്വദേശി കുഞ്ഞാപ്പി (ജോയി -59)യെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
2001 ലായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പള്ളി ഷാപ്പിലെത്തി കള്ളു കുടിച്ച ജോയി പകരം നൽകിയത് കള്ളനോട്ടായിരുന്നു. തുടർന്നു ഈസ്റ്റ് പൊലീസ് ജോയിയെ അറസ്റ്റ് ചെയ്തു. കള്ളനോട്ട് കേസ് അന്വേഷണത്തിനായി പിന്നീട് ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ തമസിച്ചാണ് ജോയി കഴിഞ്ഞിരുന്നത്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഇത്രയും വർഷത്തോളം ജോയി കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോയി കൊല്ലം ജില്ലയിൽ ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അർച്ചലിൽ താമസിക്കുന്നതായി ക്രൈംബ്രാഞ്ച് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.അമ്മിണിക്കുട്ടന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഷാജൻ മാത്യു, ബി.ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ് എസ്.കുമാർ, സുനിമോൾ രാജപ്പൻ, സിവിൽ പൊലീസ് ഓഫിസർ ജാഫർ സി.റസാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാരജാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തു വർഷം മുൻപ് രജിസ്റ്റർ ചെയ്ത മറ്റൊരു കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിയായ തോമസിനെ രണ്ടു ദിവസം മുൻപാണ് ഇതേ അന്വേഷണ സംഘം പിടികൂടിയത്.