സ്‌പെഷ്യൽ റിപ്പോർട്ട്
സിനിമാ ലേഖകൻ
കോട്ടയം: മോഹൻ ലാലിന്റെ നൂറ് കോടി മുടക്കിയ ദൃശ്യവിസ്മയം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കാഞ്ഞിരപ്പള്ളി സ്വദേശിയായ നഫീസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജില്ലാ പൊലീസ് കൂടുതൽ അറസ്റ്റിന് തയ്യാറെടുക്കുന്നത്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുടണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ രണ്ടിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ വ്യാജ പകർപ്പ് പിറ്റേന്ന് തന്നെ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു, പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു.
ഈ അന്വേഷണത്തിലാണ് പ്രതിയായ നഫീസിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്നു, പൊലീസ് സംഘം അന്വേഷണം നടത്തിയപ്പോഴാണ് സിനിമയുടെ പ്രിന്റ് പ്രചരിപ്പിച്ച ടെലഗ്രാം ഗ്രൂപ്പ് കണ്ടെത്തിയത്. ഈ ടെലഗ്രാം ഗ്രൂപ്പിലുള്ള മുന്നൂറോളം അംഗങ്ങളുടെ ഫോൺ നമ്പരുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരിൽ പലരും ചിത്രം ഡൗൺലോഡ് ചെയ്തതായും, പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ചിത്രം പ്രചരിപ്പിച്ച ആളുകളെ കണ്ടെത്തി തുടർ നടപടി സ്വീകരിക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്. ഇവരുടെ ഫോണുകൾ അടക്കം പിടിച്ചെടുക്കും.
വിദേശത്ത് ജോലി ചെയ്യുന്നവർ അടക്കമുള്ളവർ ഇത്തരത്തിൽ ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ജില്ലയിൽ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.