കോട്ടയം: തലയോലപ്പറമ്പിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിന്റെ ഫല നിർണ്ണയം വിവാദത്തിൽ. മത്സരത്തിൽ ഒന്നാം സ്ഥാനം നിഷേധിക്കാൻ കാരണമായി ജഡ്ജസ് പറഞ്ഞത് കുട്ടികൾ മുല്ലപ്പൂവിനൊപ്പം അരളിപ്പൂ ചൂടിയത് കാരണമാണ് ഒന്നാം സ്ഥാനം നൽകാനാവാത്തതെന്ന വിചിത്ര വാദമാണ് ജഡ്ജസ് ഉയർത്തിയത്. ഇതോടെയാണ് മത്സരാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കുച്ചിപ്പുടി മത്സരത്തിന് ശേഷമാണ് മത്സരിച്ച മൂന്ന് കുട്ടികൾ വിധി കർത്താക്കളുടെ പിഴവ് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്. ആറോ ഏഴോ മത്സരാർത്ഥികളാണ് കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുത്തത്. മികച്ച മത്സരം കാഴ്ച വച്ചതല്ലാത്ത മറ്റൊരു കുട്ടിയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നായിരുന്നു വേദിയിൽ ഉയർന്ന വിവാദം.
ഇതേ തുടർന്നാണ് മത്സരാർത്ഥികളായ പെൺകുട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തങ്ങളുടെ പിഴവ് എന്താണ് എന്ന് ജഡ്ജസ് പറയണമെന്ന വാദമാണ് മത്സരാർത്ഥികൾ ഉയർത്തിയത്. ഇതോടെയാണ് നാടകീയമായ രംഗങ്ങൾ വേദിയ്ക്കു മുന്നിലുണ്ടായത്. മണിക്കൂറുകൾ നീണ്ട വാഗ്വാദനങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് ജഡ്ജസ് കുട്ടികളുടെ പിഴവ് ചൂണ്ടിക്കാട്ടിയത്. മത്സരാർത്ഥികളായ കുട്ടികൾ മുല്ലപ്പൂവിനൊപ്പം തലയിൽ അരളിപ്പൂ ചൂടിയതാണ് ഒന്നാം സ്ഥാനം നിഷേധിക്കാൻ കാരണമെന്നായി വിധി കർത്താക്കൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കലോത്സവ മാന്യുവലിൽ അങ്ങിനെ പറയുന്നതേയില്ലെന്നായി വിദ്യാർത്ഥികളും മാതാപിതാക്കളും. എന്നാൽ, ഒന്നാം സ്ഥാനം ലഭിച്ച കുട്ടി തലയിൽ മുലപ്പൂവിനൊപ്പം പ്ലാസ്റ്റിക് പൂ കൂടി ചൂടിയിരുന്നു എന്ന വാദവും ഇവർ ഉയർത്തി. ഇതോടെ തർക്കം അതിരൂക്ഷമാകുകയും ചെയ്തു. എന്നാൽ നിങ്ങൾ അപ്പീൽ കൊടുക്കു എന്ന വാദം ഉയർത്തിയാണ് വിധികർത്താക്കൾ വേദി വിട്ടത്. മറ്റൊരു കാരണവുമില്ലാത്തതിനാൽ അരളിപ്പൂവിനെ മറയാക്കി ഒന്നാം സമ്മാനം നിഷേധിച്ചതിന്റെ രോഷത്തിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും.