കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ തെരുവുനായ ആക്രമണം. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും സബ് ട്രഷറി ഭാഗത്തേയ്ക്കുള്ള ഇടവഴിയിലാണ് നാട്ടുകാർക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. കടിയേറ്റ രണ്ടു പേർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സബ് ട്രഷറിയ്ക്കു മുന്നിലെ ഇടവഴിയിലൂടെ നടന്നെത്തിയ രണ്ടു പേരെയാണ് തെരുവുനായ ആക്രമിച്ചത്. നാട്ടുകാരെ ആക്രമിച്ച ശേഷം നായ നേരെ ഓടി സമീപത്തെ കാടിനുള്ളിലേയ്ക്കു കയറി. പ്രദേശവാസികൾ ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ പ്രദേശത്തുള്ള ആളുകൾ ഭീതിയിലായിട്ടുണ്ട്.
Advertisements