കോട്ടയം: റോഡരിക് അടച്ചു കെട്ടി ബാരിക്കേഡും നടപ്പാതയും സ്ഥാപിക്കുകയും അശാസ്ത്രീയമായി നിർമ്മിക്കുകയും ചെയ്ത ഈരയിൽക്കടവിൽ വീണ്ടും അപകടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലാണ് കാറും ബൈക്കും ഈരയിൽക്കടവിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ചിങ്ങവനം സ്വദേശി സച്ചിൻ മോഹൻദാസിനു(19) പരിക്കേറ്റിരുന്നു. എന്നാൽ, അപകടത്തിൽ തകർന്ന കാറും ബൈക്കും ഇതേ റോഡിൽ തന്നെയാണ് പാർക്ക് ചെയ്തിരിക്കുന്നത്.
അശാസ്ത്രീയമായ നിർമ്മാണവും റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംങിന് സ്ഥലമില്ലാത്തതാണ് ഇപ്പോൾ അപകടക്കെണിയൊരുക്കുന്നത്. തിങ്കളാഴ്ച അപകടത്തിൽപ്പെട്ട കാറും ബൈക്കും പാർക്ക് ചെയ്യാൻ റോഡരികിൽ സ്ഥലമില്ലായിരുന്നു. ഇതേ തുടർന്നു റോഡിലെ ടാറിനു മുകളിൽ തന്നെ, ഡിവൈഡറിനോടു ചേർന്ന ഭാഗത്ത് തന്നെയാണ് വാഹനം പാർക്ക് ചെയ്തിരുന്നത്. ഇത് അക്ഷരാർത്ഥത്തിൽ അപകടക്കെണിയൊരുക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതും രാത്രിയിൽ പാർക്ക് ലൈറ്റ് പോലും ഇടാതെയാണ് കാറുകൾ റോഡരികിൽ പാർക്ക് ചെയ്തിരുന്നത്. രാത്രിയിലും പകലും അമിത വേഗത്തിൽ ഇരുചക്ര വാഹനങ്ങളിൽ യുവാക്കൾ പായുന്നത് ഇതുവഴിയാണ്. ഈ റോഡിലാണ് അപകടകരമായ രീതിയിൽ കാർ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത്. അശാസ്ത്രീയമായി റോഡ് നിർമ്മിച്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ തന്നെയാണ് ഈ റോഡിൽ അപകടങ്ങൾ പെരുകുന്നതിന്റെ പ്രധാനകാരണക്കാർ.