ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി താഴ്മൺ മഠത്തിൽ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. കണ്ഠരര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവർ കാർമ്മികത്വം വഹിച്ചു. ഇനി പത്തു ദിവസം ക്ഷേത്രത്തിൽ ഉത്സവമേളം. ഇന്ന് കൊടിയേറ്റോടെ ആരംഭിച്ച ഉത്സവം മാർച്ച് എട്ടിന് സമാപിക്കും. മാർച്ച് ആറിനാണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. കൊടിയേറ്റിന്റെ ഭാഗമായി ക്ഷേത്രത്തിൽ ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെയും സംഘത്തിന്റെയും മേജർ സെറ്റ് പഞ്ചവാദ്യവും അരങ്ങേറി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.