ഏറ്റുമാനൂർ : ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി തുമ്പക്കര ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ കുഞ്ഞാവ എന്ന് വിളിക്കുന്ന സുജേഷ് സുരേന്ദ്രൻ (27 ) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 22 ആം തീയതി വൈകിട്ട് 6 മണിയോടുകൂടി കോട്ടമുറി ഭാഗത്തുള്ള ഷാപ്പിൽ എത്തുകയും കള്ള് തരാൻ വൈകി എന്നു പറഞ്ഞുകൊണ്ട് ജീവനക്കാരനെ ചീത്ത വിളിച്ച് കള്ള്കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനു ശേഷം ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകർത്ത് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഷാപ്പിന് മുൻവശം മീൻ കച്ചവടം നടത്താനിരുന്നതിനെ ഷാപ്പിലെ മാനേജർ എതിർത്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ ഷാപ്പിൽ കയറി ജീവനക്കാരനെ ആക്രമിച്ച്, ഷാപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ വിഷ്ണു വിശ്വനാഥ് (27) എന്നയാളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവിൽ പോയ മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്നാണ് ഇപ്പോൾ സുജേഷ് സുരേന്ദ്രൻ പോലീസിന്റെ പിടിയിലാവുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ജയപ്രകാശ്, എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.