ഏറ്റുമാനൂർ : മകൾക്ക് ദീപാവലി ദിവസം പടക്കം വാങ്ങാൻ പോയ തക്കത്തിന് റോഡരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ കുത്തി തുറന്ന് തിരിച്ചറിയൽ രേഖകൾ കവർന്നു. ഏറ്റുമാനൂർ കുരിശുപള്ളിയ്ക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഏറ്റുമാനൂർ സ്വദേശി കെ പി വിനോദിന്റെ ജീറ്റോ പാസഞ്ചർ ഓട്ടോറിക്ഷയാണ് കുത്തി തുറന്നത്.ഇന്നലെ രാത്രി ഒമ്പതരയോട് കൂടിയായിരുന്നു സംഭവം ഏറ്റുമാനൂർ കുരിശുപള്ളിക്ക് സമീപം താരാ ഹോട്ടലിനോട് ചേർന്നായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്.
മകൾക്കുള്ള ദീപാവലി പടക്കം വാങ്ങി തിരിച്ചു വരുമ്പോഴാണ് വാഹനത്തിനുള്ളിൽ ഡാഷ് കുത്തിത്തുറന്ന നിലയിൽ കണ്ടത്.തുടർന്നു നടത്തിയ തിരച്ചിലിലാണ് ആധാർ കാർഡ്,ലൈസൻസ്, എടിഎം കാർഡ്,പാൻ കാർഡ് എന്നിവ മോഷണം പോയതായി മനസ്സിലായത്. ഇദ്ദേഹത്തിന്റെ വാഹനത്തിനുള്ളിൽ രേഖകൾ കൂടാതെ പന്ത്രണ്ടായിരം രൂപയും ഉണ്ടായിരുന്നു എന്നാൽ അത് മോഷണം പോയില്ല. സംഭവമറിഞ്ഞ ഉടൻതന്നെ വിനോദ് ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. സമാനമായ രീതിയിൽ തന്നെ ഇന്നലെ രാത്രിയിൽ നാല് ഓട്ടോറിക്ഷകളിൽ നിന്നും പണം പോയതായും പോലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.