കോട്ടയം: നഗരസഭയിലെ ഭരണംകുത്തഴിഞ്ഞതായി ആരോപിച്ച് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭയിലേയ്ക്കു മാർച്ച് നടത്തി. പ്രകടനമായി എത്തിയ പ്രവർത്തകർ ഗേറ്റ് കടന്ന് അകത്തു കയറി നഗരസഭ അധ്യക്ഷനെ ഉപരോധിച്ചു. കോട്ടയം നഗരസഭ ഭരണം കുത്തഴിഞ്ഞതായി ആരോപിച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങൾ ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തുകയും, കൗൺസിൽ യോഗം അടക്കം നിരന്തരം തടസപ്പെടുന്നത് വിവാദമായി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി നഗരസഭ ഓഫിസിലേയ്ക്കു പ്രകടനം നടത്തുകയും , ചെയർപേഴ്‌സണിനെ ഉപരോധിക്കുകയും ചെയ്തത്.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, നഗരസഭ അംഗങ്ങളായ കെ.ശങ്കരൻ, വിനു ആർ മോഹൻ, അനിൽകുമാർ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കോട്ടയം നഗരസഭയുടെ പദ്ധതി വിഹിതം ചിലവഴിക്കാത്തതും, പദ്ധതി ഇതുവരെ പാസാകാത്തതും, തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാനാവാത്തതും അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി മാറി. വിവാദങ്ങളിലും ബിജെപിയുടെ ആരോപണങ്ങളിലും ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ മറുപടിയും പറഞ്ഞു.