കോട്ടയം: ബസ് സ്റ്റാൻഡിനുള്ളിൽ കെഎസ്ആർടിസി ഡ്രൈവറെ സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി മർദിച്ചതായുള്ള ആരോപണത്തിൽ സംഭവിച്ചത് എന്തെന്നു വ്യക്തമാക്കി സിപിഐ ബ്രാഞ്ച് സെക്രട്ടറി. തനിക്കെതിരായ ആരോപണം കെട്ടിച്ചിമച്ചതാണെന്നും, അമിത വേഗത്തെ ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നു സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി സുഗേഷ് വ്യക്തമാക്കുന്നു. കോഴിച്ചന്ത റോഡ് മുതൽ അമിത വേഗത്തിൽ തന്റെ കാറിനു പിന്നാലെ ബസ് പാഞ്ഞെത്തുകയായിരുന്നു. അമിത വേഗത്തെ ചോദ്യം ചെയ്യാൻ സ്റ്റാൻഡിൽ എത്തിയ തന്നെ, ഡ്രൈവർ കയ്യേറ്റം ചെയ്തതായും പരസ്യമായി അസഭ്യം വിളിച്ചതായും സുഗേഷ് പറയുന്നു. അമിത വേഗത്തിനെതിരെ കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും, ഡിടിഒയ്ക്കും പരാതി നൽകിയിട്ടും ഇരുവരും സ്വീകരിച്ചതുമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ സംഭവങ്ങളിലാണ് ഇപ്പോൾ സിപിഐ ബ്രാഞ്ച് സെക്രട്ടറി വിശദീകരണം നടത്തിയിരിക്കുന്നത്. കോഴിച്ചന്ത റോഡിലൂടെ താൻ കാറിൽ വരുമ്പോൾ പിന്നിൽ അമിത വേഗത്തിൽ കെഎസ്ആർടിസി ബസ് എത്തുകയായിരുന്നതായി ഇദ്ദേഹം പറയുന്നു. ഇന്ത്യൻ കോഫി ഹൗസിനു മുന്നിലെ സൂപ്പർമാർക്കറ്റിലേയ്ക്ക് കയറുന്നതിനായാണ് താൻ എത്തിയത്. പിന്നിൽ അമിത വേഗത്തിൽ ബസ് എത്തിയതിനാൽ ഈ ഭാഗത്തേയ്ക്ക് തിരിയാൻ സാധിച്ചില്ല. ഇതോടെ കാർ മുന്നിലേയ്ക്ക് എടുത്ത് സ്റ്റാൻഡിന്റെ ഭാഗത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ കാർ നിർത്തിയ ശേഷം സ്റ്റാൻഡിനുള്ളിൽ എത്തി ഡ്രൈവറോട് വാഹനം അശ്രദ്ധമായി ഓടിച്ചതിനെപ്പറ്റി പരാതി പറഞ്ഞതായി സുഗേഷ് പറയുന്നു. ബസിനുള്ളിൽ കയറി നിന്നാണ് താൻ ഡ്രൈവറോട് ഇതേപ്പറ്റി പറഞ്ഞത്. ഈ സമയം ഡ്രൈവിംങ് സീറ്റിൽ നിന്നും എഴുന്നേറ്റ് എത്തിയ ഡ്രൈവർ തന്നെ പിടിച്ച് തള്ളിയതായി സുഗേഷ് പറയുന്നു. തുടർന്നു ജില്ലാ ട്രാൻസ്പോർട്ട് ഓഫിസിൽ എത്തി ഡ്രൈവർക്കെതിരെ പരാതി നൽകി. എന്നാൽ, ഈ പരാതി സ്വീകരിക്കാൻ പോലും അവർ തയ്യാറായില്ല. തുടർന്ന് അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനും, തന്നെ അസഭ്യം വിളിച്ചതിനും താൻ വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയതായി സുഗേഷ് പറയുന്നു. ഈ പരാതി താൻ നൽകിയത് അറിഞ്ഞാണ് കെഎസ്ആർടിസി ഡ്രൈവർ പരാതി നൽകിയും, മാധ്യമങ്ങളിൽ വാർത്ത നൽകിയതെന്നും സുഗേഷ് വിശദീകരിക്കുന്നു. സംഭവത്തിൽ ഇരുകൂട്ടരെയും കോട്ടയം വെസ്റ്റ് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.