കോട്ടയം : കുമാരനെല്ലൂരിൽ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ പ്രതി പോലീസിന്റെ കയ്യിൽ നിന്നും തല നാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. പോലീസ് പിടികൂടാൻ എത്തിയപ്പോൾ ഒളി സങ്കേതത്തിൽ നിന്നും ആറ്റിൽ ചാടിയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് സംഘം അന്വേഷണം ഊർജിതമാക്കുന്നതിനിടയാണ് കുടമാളൂർ ആറ്റിലേക്ക് ചാടി പ്രതി രക്ഷപ്പെട്ടത്. കേസിലെ പ്രതിയായ പാറമ്പുഴ സ്വദേശി റോബിൻ ജോർജ് ആണ് ഗാന്ധിനഗർ പോലീസിന്റെയും കോട്ടയം ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സേന സംഘത്തിന്റെയും പിടിയിൽ നിന്നും തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ കുമാരനല്ലൂർ വല്യാലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ഡെൽറ്റ കെ 9 നായ വളർത്തൽ പരിശീലന കേന്ദ്രത്തിൽ നിന്നും 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവസ്ഥലത്തു നിന്നും പ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഇതിന് തിരച്ചിൽ നടത്തുന്നതിനിടയാണ് പ്രതി കുടമാളൂർ ഭാഗത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പ്രതിയ്ക്കായി അന്വേഷണം നടത്തിയ പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ഇയാൾ ആറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ രക്ഷപ്പെട്ട സ്ഥലത്തും പരിസരപ്രദേശങ്ങളിലും പോലീസ് അടിച്ചു പെറുക്കി പരിശോധന നടത്തുന്നുണ്ട്. ഉടൻതന്നെ പ്രതി പിടിയിൽ ആകുമെന്നാണ് സൂചന.