ന്യൂഡൽഹി: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ അടിയന്തരമായി നിർദ്ദേശം നൽകണമെന്ന് റെയിവേ മന്ത്രിയോട് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ശൂന്യ വേളയിൽ സബ് മിഷനിലൂടെ ആണ് അദ്ദേഹം ഇക്കാര്യം മന്ത്രിയോട് ആവശ്യപ്പെട്ടത്.
മണ്ഡലത്തിലെ എട്ട് റെയിൽ മേൽപ്പാലങ്ങൾക്കാണ് റെയിൽവേ അംഗീകാരം നൽകിയിരിക്കുന്നത്. പൂവൻതുരുത്ത്, മാഞ്ഞൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം പാതയിരട്ടിപ്പിക്കലിന് ഒപ്പം തന്നെ പൂർത്തിയാക്കിയിരുന്നു. കാരിത്താസ്, മുന്തുരുത്തി മേൽപ്പാലങ്ങളുടെ റെയിൽവേയുടെ ഭാഗം നേരത്തെ പൂർത്തിയായിരുന്നു. ഈ പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടിട്ടുണ്ട്. കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ എന്നീ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് റെയിൽവേ അംഗീകാരം നൽകിയിട്ടുണ്ടങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പാലങ്ങൾ നിർമ്മിക്കേണ്ട ലെവൽ ക്രോസുകളിൽ വലിയ ഗതാഗത തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കണ്ടത് അടിയന്തരമായ ആവശ്യമാണ്. ഈ കാര്യത്തിൽ റെയിവേ മന്ത്രി നേരിട്ട് ഇടപെട്ട് മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ അടിയന്തര നിർദ്ദേശം നൽകണം എന്ന് അദ്ദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു.