കോട്ടയം : നിർണ്ണായക അജണ്ടകൾ ചർച്ച ചെയ്യാൻ ചേർന്ന കോട്ടയം നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് അജണ്ടകളൊന്നും ചർച്ച ചെയ്യാതെ പാസാക്കി പിരിഞ്ഞു. കൗൺസിൽ യോഗം പിരിഞ്ഞതിനെ തുടർന്ന് ഒപ്പിടാനെത്തിയ വൈസ് ചെയർമാൻ ബി.ഗോപകുമാറിനെ ഇടത് കൗൺസിലർമാർ പിടിച്ച് തള്ളി. ഇതോടെ പ്രതിപക്ഷ – ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ശനിയാഴ്ച ഉച്ചയ്ക്ക് ചേർന്ന കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. നിർണ്ണായകമായ അജണ്ടകളുമായാണ് കൗൺസിൽ യോഗം ചേർന്നത്. യോഗം ചേർന്നപ്പോൾ തന്നെ കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ വിവിധ വിഷയങ്ങളുമായി പ്രതിഷേധം ഉയർത്തി. തുടർന്ന് സംസാരിച്ച കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ പദ്ധതി പാസാക്കാത്തത് സംബന്ധിച്ച് ആരോപണം ഉയർത്തി രംഗത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ , കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങിയതോടെ ചെയർ പേഴ്സൺ യോഗം അജണ്ട പാസായതായി പ്രഖ്യാപിച്ച് അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ഇതോടെ പതിപക്ഷം ബഹളവുമായി രംഗത്ത് ഇറങ്ങി. ഇതിനിടെ കൌൺസിലർമാർ കൌൺസിൽ യോഗത്തിൻ്റെ ഹാജർ ബുക്കിൽ ഒപ്പിടുന്നത് തടയാൻ പ്രതിപക്ഷ കൌൺസിലർമാർ ശ്രമിച്ചു. ഇതിനിടെ ഒപ്പിടാനെത്തിയ വൈസ് ചെയർമാൻ ബി.ഗോപകുമാറിനെ പ്രതിപക്ഷ കൌൺസിലർമാർ പിടച്ചു തള്ളി. കസേരയിലേയ്ക്കു തെറിച്ചു വീണ ഗോപകുമാറിൻ്റെ കണ്ണടപൊട്ടുകയും ചെയ്തു. പ്രതിപക്ഷത്തെ വനിതാ കൌൺസിലർമാർ ചേർന്നാണ് മറ്റ് അംഗങ്ങളെ പിടിച്ചു മാറ്റിയത്.
ഇതിന് ശേഷം പ്രതിപക്ഷ കൌൺസിലർമാർ അഡ്വ.ഷീജാ അനിലിൻ്റെ നേതൃത്വത്തിൽ നഗരസഭ ഓഫിസിനു മുന്നിൽ ധർണ നടത്തി. കോട്ടയം നഗരസഭയുടെ പദ്ധതി വിഹിതം ചിലവഴിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സമരം നടത്തിയത്. ഇതിന് ശേഷം യുഡിഎഫ് കൌൺസിലർമാരും പ്രതിഷേധ പ്രകടനം നടത്തി. നിരന്തരം പ്രതിപക്ഷം കൌൺസിൽ യോഗം അലങ്കോലപ്പെടുത്തുകയാണെന്നും, ഭരണപക്ഷ കൌൺസിലർമാരെ ആക്രമിക്കുകയാണെന്നും ആരോപ്പിച്ചാണ് പ്രതിഷേധ ധർണ നടത്തിയത്. ബ്ലോക്ക് പ്രസിഡൻ്റും കൌൺസിലറുമായ ജയചന്ദ്രൻ ചീറോത്തിൻ്റെ നേതൃത്വത്തിലാണ് കൌൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചത്.