കോട്ടയം: നഗരസഭ പരിധിയിലെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ആരോഗ്യ വിഭാഗം തന്നെ ഹോട്ടലുകളിൽ നിന്നും പാരിദോഷികം കൈപ്പറ്റിയാലോ..? നഗരസഭ ഓഫിസിനു മുന്നിലെ വിവാദമായ ഹോട്ടലിൽ നിന്നും പാരിതോഷികമായി കസേര കൈപ്പറ്റിയിരിക്കുകയാണ് നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് ഓഫിസർ. സംഭവം വിവാദമായതോടെ നഗരസഭയിലെ പ്രതിപക്ഷം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തി.
മൂന്നു ദിവസം മുൻപാണ് കോട്ടയം നഗരസഭയിൽ കസേര വിവാദം തലപൊക്കിയത്. നഗരസഭയ്ക്കു തൊട്ടു മുന്നിൽ പ്രവർത്തിക്കുന്ന നസ്‌റത്ത് ഹോട്ടലിൽ നിന്നാണ് നഗരസഭ ആരോഗ്യ മേഖലയിലെ ഹെൽത്ത് ഓഫിസർ കസേര കൈപ്പറ്റിയത്. ഓഫിസിൽ കസേര കണ്ടതിനെ തുടർന്നു പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. ഇതേ തുടർന്നു ഭരണപക്ഷത്തെ ഒരു വിഭാഗവും കസേര കൈപ്പറ്റിയതിന് എതിരെ രംഗത്ത് എത്തി. വിവരം അറിഞ്ഞ് പ്രതിപക്ഷ അംഗങ്ങളും സ്ഥലത്ത് എത്തി. ഇവർ വിഷയം കൗൺസിലിൽ ഉന്നയിക്കുകയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ കസേര ഓഫിസിൽ നിന്നും കാണാതാകുകയും ചെയ്തു. ഇതോടെയാണ് സംഭവം വീണ്ടും വിവാദമായത്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തന്നെ ഹോട്ടലുകളിൽ നിന്നും പാരിതോഷികം കൈപ്പറ്റിയതാണ് ഇപ്പോൾ വിവാദമായി മാറിയത്. നഗരസഭ ആരോഗ്യ വിഭാഗമാണ് നഗരത്തിലെ ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നത്. ഈ നഗരസഭ ആരോഗ്യ വിഭാഗം തന്നെയാണ് ഇപ്പോൾ ഹോട്ടലിൽ നിന്നും പാരിതോഷികം കൈപ്പറ്റിയിരിക്കുന്നത്.
ഹോട്ടലുകൾക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പാരിതോഷികം കൈപ്പറ്റുന്നതെന്നു നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിച്ചു. നഗരസഭ ഹെൽത്ത് ഓഫിസർ കസേര കൈപ്പറ്റിയ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനു പരാതി നൽകും. വിഷയത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ആറു കസേരകളാണ് ഹോട്ടലിൽ നിന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ലഭിച്ചത്. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള കസേരകളാണ് ഇപ്പോൾ നഗരസഭ ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്. ഈ കസേരകൾ എങ്ങോട്ട് മാറ്റിയെന്ന സംശയമാണ് പ്രതിപക്ഷം അടക്കം ഉന്നയിക്കുന്നത്. അഴിമതിയില്ലെങ്കിൽ എന്തിനാണ് ആരോപണം ഉയർന്നപ്പോൾ കസേരകൾ നീക്കം ചെയ്തതെന്നും പ്രതിപക്ഷം ചോദിക്കുന്നു.