കോട്ടയം: മുട്ടമ്പലത്ത് യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തിലെ കുപ്രസിദ്ധ ഗുണ്ട കെ.ഡി ജോമോന് കരുതൽ തടങ്കൽ. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കുപ്രസിദ്ധ ഗുണ്ട മുട്ടമ്പലം കളക്ട്രേറ്റ് മുള്ളൻകുഴി ഭാഗത്ത് കോതമന വീട്ടിൽ പത്രോസ് മകൻ ജോമോൻ.കെ.ജോസിനെ (കേഡി ജോമോൻ -35) കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. യുവാവിനെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്കു മാറ്റി.
കൊലപാതകം, വധശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഇയാൾ. കോട്ടയം ഈസ്റ്റ്, അയർക്കുന്നം പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് ജോമോൻ. മുള്ളൻകുഴി ഭാഗത്തുനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷൻ മുറ്റത്ത് കൊണ്ടുവന്നിട്ട സംഭവത്തിലെ ഒന്നാം പ്രതിയാണ്. കൊലപാതക കേസ്സിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണ്.