കോട്ടയം: ജില്ലാ ജനറൽ ആശുപത്രി ഓഫിസിലിരുന്ന് പോലും മദ്യപിക്കുകയും, സ്ഥിരമായി മദ്യപിച്ചെത്തുകയും ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനെ ഭയന്ന് ജീവനക്കാർ. ആശുപത്രിയിലെ ജീവനക്കാരുടെ അവധി അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന വൻ സ്വാധീനമുള്ള ഉദ്യോഗസ്ഥന്റെ ഇടപെടലുകളിൽ ഭയന്നാണ് വനിതാ ജീവനക്കാർ ഇരിക്കുന്നത്. പലപ്പോഴും മദ്യ ലഹരിയിൽ ഇരിക്കുന്ന ഇദ്ദേഹത്തിന്റെ അടുത്തേയ്ക്കു പോലും എത്താൻ ഭയക്കുന്ന സ്്ത്രീ ജീവനക്കാർ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓഫിസിലെത്തുക കൂട്ടായി മാത്രമാണ്. വനിതാ കളക്ടറും വനിതാ എസ്പിയും ജില്ലാ പഞ്ചായത്ത് പ്രസിഡനന്റുമുള്ള ജില്ലയിലെ വനിതാ സൂപ്രണ്ട് ഭരണം നടത്തുന്ന ജനറൽ ആശുപത്രിയിലാണ് വനിതകൾക്ക് ഈ ദുർഗതി.
ജില്ലാ ജനറൽ ആശുപത്രി ഓഫിസിലെ ഒരു ഉന്നതനായ ഉദ്യോഗസ്ഥനാണ് സാമൂഹ്യ വിരുദ്ധമായ ഇടപെടലുകൾ നടത്തുന്നത്. മുൻപ് ഇദ്ദേഹവും ചില സുഹൃത്തുക്കളും പകൽ സമയത്ത് പോലും ഓഫിസിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. ആശുപത്രി സൂപ്രണ്ട് ഇല്ലാതിരുന്ന സമയങ്ങളിലാണ് ഇദ്ദേഹം സ്ഥിരമായി മദ്യപിച്ചിരുന്നത്. പട്ടാപ്പകൽ പോലും ഓഫിസ് മുറിയ്ക്കുള്ളിരുന്ന മദ്യപിക്കുകയും സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തതോടെയാണ് പരാതി പുറത്തറിഞ്ഞത്. ഇതോടെ ഇദ്ദേഹവും സുഹൃത്തുക്കളും മദ്യപാനം ഓഫിസിനു പുറത്തേയ്ക്കു മാറ്റി. ആശുപത്രി വളപ്പിൽ കാറിട്ട ശേഷം ഇതിനുള്ളിലിരുന്നും , പുറത്ത് ഹോട്ടലിൽ മുറിയെടുത്തും ഇദ്ദേഹം സ്ഥിരമായി മദ്യപാനം തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനറൽ ആശുപത്രിയിലെ പല വനിതാ ജീവനക്കാരെയും വരാന്തകളിൽ തടഞ്ഞു നിർത്തി അശ്ലീല ചുവയോടെ സംസാരിക്കുകയും ആംഗ്യം കാട്ടുകയും ചെയ്യുന്നതും പതിവായിരുന്നു. ഇതേ തുടർന്നാണ് ചില ജീവനക്കാർ രേഖാ മൂലം അടക്കം പരാതി നൽകിയത്. എന്നാൽ, മുകളിൽ സ്വാധീനമുള്ള ഈ ഉദ്യോഗസ്ഥനെ തടയാൻ ജീവനക്കാർക്ക് പലപ്പോഴും സാധിച്ചില്ല. ഇതേ തുടർന്നാണ് ഇപ്പോൾ വീണ്ടും വിവാദം തലപൊക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ പ്രതികരിച്ചവരെ അപകീർത്തിപ്പെടുത്തുന്ന സമീപനമാണ് ഇയാൾ സ്വീകരിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരുള്ളപ്പോഴാണ് സർക്കാർ ഓഫിസിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാതെ അരക്ഷിതമായ അവസ്ഥയിൽ കഴിയുന്നത്.