കോട്ടയം: കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന നദീസംയോജന പദ്ധതിയെച്ചൊല്ലിയുള്ള വിവാദം കൊടും മഴയത്തും ചൂട് പിടിക്കുന്നു. പദ്ധതിയിൽ അഴിമതി ആരോപണം ഉയർത്തിയ യുഡിഎഫ് നേതാക്കളെ പരസ്യ സംവാദനത്തിന് വെല്ലുവിളിച്ച് കോട്ടയത്തെ പദ്ധതിയുടെ കോ ഓർഡിനേറ്റർ കെ.അനിൽകുമാർ രംഗത്ത് എത്തിയതോടെയാണ് പദ്ധതി വിവാദത്തിലായത്. ആരോപണം ഉയർത്തിയ യുഡിഎഫ് നേതാക്കൾ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നാണ് ഇദ്ദേഹം വെല്ലുവിളിക്കുന്നത്. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.അനിൽകുമാറിൻ്റെ വെല്ലുവിളി. ജൂലായ് പത്ത് തിങ്കളാഴ്ച 11.30 ന് കോട്ടയം പ്രസ്ക്ലബിലോ, യുഡിഎഫ് നേതാക്കൾ വയ്ക്കുന്ന വേദിയിലോ എത്തി സംവാദത്തിന് തയ്യാറാണെന്നും ഇദ്ദേഹം പറയുന്നു. ഇതോടെ പദ്ധതിയെച്ചൊല്ലിയുള്ള വിവാദം ചൂട് പിടിച്ചു തുടങ്ങി.
അഡ്വ.കെ.അനിൽകുമാറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരസ്യസംവാദത്തിന് വെല്ലുവിളി: കോട്ടയത്തെ വെള്ളം എവിടുന്നു വന്നു?
കൂട്ടിക്കൽ ദുരന്തത്തിന് കാരണമായത് അതിതീവ്ര മഴ.
മിന്നൽ പ്രളയം എത്ര വീടുകൾ തകർത്തു.
എത്രയേറെപ്പേരെ ബാധിച്ചു.
സർക്കാർ എത്ര കോടി നഷ്ടപരിഹാരം നൽകേണ്ടി വന്നു.
എത്രയോ പേരുടെ നഷ്ടങ്ങൾക്കു് കണക്കില്ല
അതിനേക്കാൾ തീവ്ര മഴയും മിന്നൽപ്രളയവും കോട്ടയത്തുണ്ടായി. ഈരാറ്റുപേട്ട, പാലാ,കിടങ്ങൂർ, റൂട്ടിൽ വെള്ളം ഉയർന്നുയർന്നാണ് സാധാരണ മീനച്ചിലാറ്റിലെ പ്രളയ രീതി. അത് ഇത്തവണ മാറി മറിഞ്ഞു. കിഴക്ക് വെള്ളം പൊങ്ങിയില്ല. കോട്ടയത്ത് പന്നഗം നാടിൻ്റെ കരകളിൽ പെയ്ത മഴ 122 മില്ലിമീറ്റർ. കോട്ടയം നഗരത്തിനു ചുറ്റും 149.9 മില്ലിമീറ്റർ. കൂട്ടിക്കലിനു സമാനമായ നഷ്ടങ്ങൾ കോട്ടയത്തുണ്ടായില്ല. പുഴതെളിച്ചതിനാലാണ് നമുക്ക് രക്ഷയായതെന്ന് സാമാന്യമായി കാണാൻ കഴിയും. പാലായിലും കിടങ്ങൂരിലും ഇല്ലാതിരുന്ന അളവിൽ വെള്ളം കോട്ടയത്തുണ്ടായത് നദീ പുനർ സംയോജന പദ്ധതിയുടെ പരാജയമാണെന്ന് വാദിക്കുന്നവർ സ്വന്തം ബുദ്ധിയെ വെല്ലുവിളിക്കുകയാണ്.
ജനകീയ കൂട്ടായ്‌മ എന്തു ചെയ്തു?
1.1600 കിലോമീറ്റർ തോടുകൾ തെളിച്ചു. 100ൽ പരം ജനകീയ കൂട്ടായ്മകൾ പ്രാദേശികമായി പ്രവർത്തിക്കുന്നു. അതാതു സ്ഥലത്ത് തെളിക്കാനാവശ്യമായ പണം അതാതിടത്തെ സമിതികൾ കണ്ടെത്തി. കേന്ദ്രതലത്തിൽ പണം പിരിക്കുന്നില്ല. പിരിച്ചിട്ടുമില്ല. ഭാവിയിലും പണം പിരിക്കില്ല അതാതിടത്ത് മാത്രമാണ് പ്രാദ്ദേശിക കൂട്ടായ്മകൾ യന്ത്രം പ്രവർത്തിക്കാനുള്ള പണം കണ്ടെത്തുന്നത്. ജെസിബിയുടെ നിരക്ക് അവർക്ക് അതാതു ദിവസം നേരിട്ട് നൽകുന്നു.
2 സംസ്ഥാന സർക്കാരിൽ നിന്നും ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ല. ഭാവിയിലും ഇല്ല.
3 മൈനർ-മേജർ ഇറിഗേഷൻ നടത്തിയ പ്രവർത്തനങ്ങൾ ടെണ്ടർ ചെയ്ത് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ ആണ് നിർവ്വഹിച്ചത്, ജനകിയ കൂട്ടായ്മ അവർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കി.
4. 5650 ഏക്കർ തരിശുനിലങ്ങളിൽ കൃഷി തിരികെയെത്തിച്ചു.സർക്കാർ ധനസഹായം കർഷകരുടെ അക്കൗണ്ടിൽ മാത്രം. കൃഷി വകുപ്പ് ടെണ്ടറിലൂടെ നടത്തിയ പ്രവർത്തികൾക്ക് ജനകീയ കൂട്ടായ്‌മ പിന്തുണ നൽകി. കർഷകരെ പ്രചോദിപ്പിച്ചു.
5. പുഴകളിലെ മാലിന്യക്കുഴലുകൾ നീക്കം ചെയ്യാൻ പ്രത്യേക ഇടപെടൽ നടത്തി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ തുടക്കം അതായിരുന്നു.
5. അഞ്ച് ജല ടൂറിസം കേന്ദ്രങ്ങൾ മലരിക്കൽ ആമ്പൽ വസന്തം, നീറിക്കാട് തണലോരം, പടിയറക്കടവ്, പാതിയപ്പള്ളിക്കടവ്, അമ്പാട്ടുകടവ്
വള്ളങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാനാണിത്.
6. പ്രളയ രഹിത കോട്ടയം. വെള്ളപ്പൊക്കം കടലിലെ വേലിയേറ്റത്തിൻ്റെയും കായലിൻ്റ ജല വാഹകശേഷിയുടെയും ഭാഗമായി തീരുമാനിക്കപ്പെടും. അതി തീവ്രമഴ ദുരന്തത്തിലേക്ക് വരെ നയിക്കാം. ഈ സാഹചര്യങ്ങളിലും പുഴകളും തോടുകളും തെളിപ്പെടുത്താൽ വെള്ളം വേഗം ഒഴുകിപ്പോകും. അത് വെള്ളപ്പൊക്കത്തിൻ്റെ ദിനങ്ങൾ കുറക്കും. കൂട്ടിക്കലിൻ്റെ സമാന അനുഭവം കോട്ടയത്തുണ്ടായില്ല. പുഴതെളിച്ചില്ലായിരുന്നെങ്കിലോ?
7. പേരൂരിലെ തർക്കം: പൂവത്തുംമൂട്ടിലും പേരൂരിലും നദിയുടെ വീതി പകുതിയിലേറെ കുറച്ച് തുരുത്തുകളുണ്ടായി. സമീപത്തുള്ളവരിൽ ചിലർ അത് കയ്യേറി റബ്ബറും തെങ്ങും കമുകും കൃഷി ചെയ്ത് കയ്യേറി. അത് നീക്കംചെയ്യണമെന്ന ജനകീയ കൂട്ടായ്മയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. മേജർ ഇറിഗേഷൻ ടെണ്ടർ ചെയ്ത് കരാറുകാർ പ്രവർത്തി നടത്തി. കരയിൽ പ്രവർത്തിക്കുന്ന ജെസിബി മാത്രമാണിറക്കിയത്. അത് കോട്ടയം എംഎൽഎയും ബിജെപിയും തടഞ്ഞു. മണൽ കടത്തെന്നാണ് പ്രചരിപ്പിച്ചത്. വെള്ളത്തിൽ പ്രവർത്തിക്കുന്ന യന്ത്രം ഉപയോഗിക്കാതെ മണൽ വാരാനാകുമോ?. തുരുത്തുകൾ നീക്കം ചെയ്ത് എക്കലും മണ്ണും സർക്കാർ സ്ഥലത്ത് നിക്ഷേപിക്കാൻ ഗ്രീൻ ട്രിബ്യണൽ വിധിച്ചു.
അത് പാലിച്ചുകൊണ്ട് വെള്ളൂരിലെ സർക്കാർ വക റബ്ബർ പാർക്കിനുള്ള ഫാക്ടറികൾ സ്ഥാപിക്കുന്ന സ്ഥലം വികസിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതിൽ ജനകീയ കൂട്ടായ്മ നടത്തിയ ഇടപെടൽ പ്രധാനമായി. കയ്യേറ്റക്കാരുടെ ഭൂമി പിടിച്ചെടുത്തതിന് അവരുടെ രോഷം സ്വാഭാവികം. പക്ഷെ അവർക്കായി രംഗത്തിറങ്ങി തോറ്റു മടങ്ങിയർ കയ്യേറ്റക്കാർക്കായി കളവ് പ്രചരിപ്പിക്കുകയാണ്.
8. മണൽ വാരിവിറ്റോ?. പേരൂരിന് പടിഞ്ഞാറ് എവിടെയാണു് മണലുള്ളത്. പേരൂരിനു് കിഴക്കോട്ട് മണ്ണ് നീക്കം ചെയ്ത് തുടങ്ങിയിട്ടേയുള്ളു. അത് വില്പന നടത്താതെ സർക്കാർ സ്ഥലത്ത് നിക്ഷേപിക്കുകയാണ്. ഇതിലെവിടെയാണ് അഴിമതി.
9. ഹൈ ടൈഡ് എന്ന വേലിയേറ്റം കടലിൽ ഇല്ലാതായാൽ കടലും കായലും വെള്ളം എടുക്കും അതി തീവ്രമഴക്ക് ജനകീയ കൂട്ടായ്മ ഉത്തരവാദിയാണെന്ന മട്ടിലാണ് കള്ള പ്രചാരണം.
10. അരോപണമുന്നയിച്ച ബിജെപി നേതാക്കളേയും കോൺഗ്രസ്സ് നേതാക്കളേയും പദ്ധതിക്കെതിരെ നില്ലുന്ന കോട്ടയം എംഎൽഎയും കോട്ടയം പ്രസ്സ് ക്ലബ്ബിൽ പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്നു.
ജൂലൈ പത്ത് തിങ്കളാഴ്ച രാവിലെ 11.30 ജനകീയ കൂട്ടായ്മയുടെ പ്രവർത്തകർ കോട്ടയം പ്രസ്സ് ക്ലബ്ബിൽ ഹാജരാകും.ഏത് ചോദ്യത്തിനും മറുപടിയുണ്ട്. മറിച്ചും ചോദ്യങ്ങളുണ്ടാകും. ജനകീയ കൂട്ടായ്മ ഉന്നയിക്കുന്ന ചോദ്യത്തിന് മറുപടി പറയാൻ ആരോപണ കർത്താക്കളേയും ക്ഷണിക്കുന്നു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾക്ക് മോഡറേറ്റർമാരായി സഹായിക്കാം.
രണ്ട് തവണ ദേശീയ പുരസ്കാരം നേടി വിശ്വമാതൃകയായ ഈ പദ്ധതിയുടെ സുതാര്യതയും വിശ്വാസ്യതയും അഭിമാനകരമാണ്.
അഡ്വ. കെ അനിൽകുമാർ
കോർഡിനേറ്റർ