കോട്ടയം : തിരുനക്കര ക്ഷേത്ര മുറ്റത്ത് നിന്നും തിരുവാർപ്പ് സ്വദേശിയായ യുവാവിന്റെ ബാഗ് മോഷ്ടിച്ച എറണാകുളം സ്വദേശിയെ നാട്ടുകാർ ചേർന്ന് പിടികൂടി. എറണാകുളം ഫോർട്ട് കൊച്ചി കോരികുഴിപറമ്പിൽ റഷീദിനെ (58) യാണ് നാട്ടുകാർ പിടികൂടി കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറിയത്. തിരുവാർപ്പ് സ്വദേശി സുജിത്തിന്റെ ബാഗാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ തിരുനക്കര ക്ഷേത്ര മുറ്റത്ത് നിന്ന് മോഷ്ടിക്കാൻ പ്രതി ശ്രമിച്ചത്.
ക്ഷേത്രത്തിൽ ദർശനത്തിന് കയറാനെത്തിയ സുജിത്ത് ക്ഷേത്ര കവാടത്തിൽ ബാഗ് വച്ച ശേഷം ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. ദർശനത്തിന് ശേഷം പുറത്തിറങ്ങി സുജിത്ത് വന്നപ്പോഴാണ് ഒരാൾ തന്റെ ബാഗുമായി പോകുന്നത് കണ്ടത്. ഇതോടെ സുജിത്ത് പിന്നാലെ ഓടിയെത്തി , ഇത് കണ്ട് ഇവിടെ കൂടി നിന്ന ആളുകളും ഒപ്പം എത്തി. തുടർന്ന് മൈതാനത്തിന്റെ മധ്യ ഭാഗത്ത് വച്ച് ഇയാളെ പിടികൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് , നാട്ടുകാർ ചേർന്ന് കോട്ടയം പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പൊലീസ് കൺട്രോൾറും വാഹനം എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയി. പരാതിക്കാരന് പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. തിരുനക്കര മഹാദേവക്ഷേത്രത്തിൽ അടക്കമുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ ബാഗ് അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.