കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കുടുംബത്തോടൊപ്പമെത്തിയ വീട്ടമ്മയായ സ്ത്രീയെ കടന്നു പിടിക്കാൻ അക്രമിയുടെ ശ്രമം. കടന്നു പിടിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ അക്രമിയുടെ പിടിയിൽ നിന്നും ഓടിരക്ഷപെട്ട് സമീപത്തെ കടയിൽ അഭയം തേടി. അക്രമിയെ തടയാൻ ശ്രമിച്ച കട ഉടമ അടക്കമുള്ളവരെയും ആക്രമിക്കാൻ ഇയാൾ ശ്രമിച്ചു. നാട്ടുകാരും പ്രദേശത്തെ കട ഉടമകളും ഓട്ടോഡ്രൈവർമാരും ചേർന്ന് ഇയാളെ പിടികൂടിയെങ്കിലും പൊലീസ് എത്താൻ കാത്തു നിന്നത് ഒരു മണിക്കൂറിലേറെ സമയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സംക്രാന്തിയിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തൊടുപുഴ സ്വദേശികളായ കുടുംബം. ഇവർ വിവാഹചടങ്ങിന് ശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം സമീപത്തെ കടയിൽ നിന്നും കുപ്പി വെള്ളം വാങ്ങുന്നതിനായാണ് സ്ത്രീ നടന്നെത്തി. ഈ സമയം റോഡരികിൽ നിന്ന യുവാവ് ഇവരെ കടന്നു പിടിക്കുകയായിരുന്നു.
കടന്നു പിടിച്ച ശേഷം ഇവരെ വലിച്ചിഴച്ച് സമീപത്തെ ഇടവഴിയിലേയ്ക്കു കൊണ്ടു പോകാൻ ശ്രമിച്ചു. ഇതോടെ ഇവിടെ നിന്നും കുതറിയോടിയ സ്ത്രീ തൊട്ടടുത്ത കടയിലേയ്ക്ക് ഓടിക്കയറി. ഇതോടെ അക്രമി പിന്നാലെ കുതിച്ചെത്തി. കടയ്ക്കു മുന്നിലുണ്ടായിരുന്ന കടയുടമ അക്രമിയെ തടഞ്ഞു നിർത്തി. ഇതോടെ ഇദ്ദേഹത്തെ മർദിക്കാനായി ഇയാളുടെ ശ്രമം. ഇതോടെ ഓടിക്കൂടിയ സമീപത്തെ കടയിലെ ആളുകളും, ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇവരിൽ നിന്നും രക്ഷപെട്ട് മാറി നിന്ന അക്രമി, തന്റെ കയ്യിലുണ്ടായിരുന്ന തുണിയിൽ കരിങ്കല്ല് പൊതിഞ്ഞ ശേഷം നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തു.
ഇതോടെ സംഘടിച്ച് നിന്ന നാട്ടുകാർ അക്രമിയെ കീഴ്‌പ്പെടുത്തി. ഇതിനിടെ സമീപത്തെ കടകളിൽ നിന്നും പൊലീസ് കൺട്രോൾ റൂമിലും, വെസ്റ്റ് പൊലീസ് സ്റ്റേഷനിലും ഫോൺ ചെയ്തിരുന്നു. എന്നാൽ, ആരും കെ.എസ്.ആർ.ടി.സി ഭാഗത്തേയ്ക്ക് എത്താൻ തയ്യാറായില്ലെന്ന് പ്രദേശത്തെ കട ഉടമകൾ ആരോപിക്കുന്നു. അക്രമിയെ കീഴ്‌പ്പെടുത്തിയ ശേഷം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിക്കുകയായിരുന്നു. 12.20 ഓടെയാണ് ഇവിടെ പൊലീസ് കൺട്രോൾ റൂം സംഘവും, മറ്റ് പൊലീസ് വാഹനങ്ങളും എത്തിയത്. തുടർന്ന് അക്രമിയെ പിടികൂടി സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയി.
തൃശൂർ സ്വദേശിയാണ് എന്നു പറഞ്ഞ അക്രമി മദ്യ ലഹരിയിലാണെന്നു സംശയിക്കുന്നു. ഇയാൾ താൻ ആനപാപ്പാനാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡിവൈഎഫ്.ഐ മേഖലാ ഭാരവാഹിയാണെന്നും, താൻ വിശ്വകർമ്മ സർവീസ് സൊസൈറ്റി ഭാരവാഹിയാണ് എന്നും പറഞ്ഞു. ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.