കോട്ടയം : ട്രെയിനിൻ്റെ ഫുട് ബോർഡിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ മൊബൈൽ വടിയ്ക്ക് അടിച്ച് വീഴ്ത്തിയും കൈ കൊണ്ട് തട്ടിപ്പറിച്ചും കവർന്ന കേസിൽ അസം സ്വദേശിയെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. അസം ഗുവഹാത്തി സ്വദേശി ജോഹർ അലി (24) യെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ വേഗം കുറയുന്ന ഭാഗങ്ങളിൽ വച്ചാണ് ഇയാൾ മൊബൈൽ ഫോണുകൾ തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാല് ദിവസത്തിനിടെ കോട്ടയം എറണാകുളം റൂട്ടിൽ യാത്ര ചെയ്ത നാല് യാത്രക്കാരുടെ മൊബൈൽ ഫോണുകളാണ് പ്രതി തട്ടിയെടുത്തത്. കോട്ടയം നാഗമ്പടം, കുമാരനെല്ലൂർ , നീലിമംഗലം എന്നിവിടങ്ങളിൽ നിന്നും കൈകൊണ്ട് തട്ടിപ്പറിച്ചും , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപം വടികൊണ്ട് അടിച്ചിട്ടും ആണ് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ പ്രതി കവർന്നത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും മൊബൈൽ ഫോൺ മോഷണം പോയത് സംബന്ധിച്ച് പരാതിക്കാരൻ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, സംഭവത്തിൽ കേസെടുത്ത എറണാകുളം റെയിൽവേ പോലീസ് കേസ് അന്വേഷിക്കുന്നതിനായി കോട്ടയം റെയിൽവേ പോലീസിന് കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണം പോയ മൊബൈൽ ഫോണിനുള്ളിൽ സിം ഇട്ട് ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് അസം സ്വദേശിയായ പ്രതി നീലിമംഗലത്തെ താമസസ്ഥലത്തു നിന്നും പിടിയിലായത്.20 ഫോണുകൾ മോഷ്ടിച്ച ശേഷം നാട്ടിലേക്ക് രക്ഷപ്പെടുന്നതിനാണ് പ്രതി പദ്ധതി ഇട്ടിരുന്നത്. ഈ നാല് സ്ഥലത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു. റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് റെജി പി ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിലീപ് , സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ മോൻ കെസി , ശരത് , സനു , അർ പി എഫ് എസ് ഐ പി.വി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫുട്ബോളിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കെതിരെ നിയമനടപടി കർശനമാക്കുമെന്ന് അർ പി എഫ് എസ് ഐ പി.വി രാജു പറഞ്ഞു.