ഹൈദരാബാദ് : സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. 11 പന്ത് ബാക്കി നില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു. ടോസ് നേടിയ ഫീല്‍ഡിങ് തെരെഞ്ഞെടുത്ത കേരളത്തിന് വേണ്ടി സർവീസസിന്റെ ഓപ്പണർമാരെ വേഗം തന്നെ മടക്കി നിധീഷ് മികച്ച തുടക്കം നല്കി. എന്നാല്‍ ക്യാപ്റ്റൻ മോഹിത് അഹ്ലാവത്തും വിനീത് ധന്‍കറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 40 റണ്‍സ് പിറന്നു. ധന്‍കർ 29 പന്തില്‍ 41ഉം വിനീത് 28 പന്തില്‍ 35ഉം റണ്‍സെടുത്തു. 28 റണ്‍സെടുത്ത അരുണ്‍കുമാറും സർവീസസ് ബാറ്റിംഗ് നിരയില്‍ തിളങ്ങി. 20 ഓവറില്‍ 9 വിക്കറ്റിന് 149 റണ്‍സെന്ന നിലയില്‍ സർവീസസ് ഇന്നിങ്സിന് അവസാനിക്കുകയും ചെയ്തു.
അഞ്ചു വിക്കറ്റുമായി സർവീസസിന്റെ മധ്യ നിരയെ തകർത്തെറിഞ്ഞ അഖില്‍ സ്കറിയയുടെ പ്രകടനമാണ് കേരളത്തിന് നിർണ്ണായകമായത്. നാലോവാറില്‍ 30 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് അഖില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേനയ്ക്ക് ശേഷം ടൂർണമെന്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തിന്റെ ആദ്യ താരമാണ് അഖില്‍. നിധീഷ് രണ്ടും വിനോദ് കുമാർ, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പണിങ് കൂട്ടുകെട്ടില്‍ 73 റണ്‍സ് പിറന്നു. 27 റണ്‍സെടുത്ത രോഹനും നാല് റണ്‍സെടുത്ത വിഷ്ണു വിനോദും അടുത്തടുത്ത് പുറത്തായെങ്കിലും മുഹമ്മദ് അസറുദീനും സല്മാൻ നിസ്സറിനുമൊപ്പം സഞ്ജു ഇന്നിങ്സ് മുന്നോട്ടു നീക്കി. സ്കോർ 123ല്‍ നില്‍ക്കെ 75 റണ്‍സെടുത്ത സഞ്ജു മടങ്ങി. 45 പന്തില്‍ പത്തു ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ലക്ഷ്യത്തോട് അടുക്കെ ഏതാനും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 21 റണ്‍സുമായി പുറത്താക്കാതെ നിന്ന് സല്മാൻ നിസാർ കേരളത്തെ വിജയത്തിലെത്തിച്ചു. അഖില്‍ സ്കറിയയാണ് കളിയിലെ താരം.