കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കേസ് ഷീറ്റിന് കടുത്ത ക്ഷാമം. ഇനി 10 ദിവസത്തേക്കുള്ള കേസ് ഷീറ്റ് മാത്രമാണ് ആശുപത്രിയില്‍ അവശേഷിക്കുന്നതെന്നാണ് വിവരം. ഒരു സാമ്പത്തിക വർഷത്തേക്ക് ഒരുലക്ഷം കേസ് ഷീറ്റുകളാണ് സാധാരണ അനുവദിക്കാറുള്ളത്. എന്നാല്‍, കഴിഞ്ഞവർഷം 50,000 ഷീറ്റുകള്‍ മാത്രമാണ് അനുവദിച്ചത്.
പുസ്തകം അച്ചടിക്കേണ്ടതിനാല് കേസ് ഷീറ്റ് ഇപ്പോള്‍ അച്ചടിക്കാൻ കഴിയില്ലെന്ന് ഷൊർണ്ണൂരിലെ സർക്കാർ പ്രിന്റിങ് പ്രസ് അറിയിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രോഗികളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തേണ്ടത് കേസ് ഷീറ്റില്‍ ആയതിനാല്‍ സർക്കാരിൻ്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ഇത് ബാധിക്കുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.