കേശ പരിചരണ ഉത്പന്ന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കെപി നമ്പൂതിരീസ്

തൃശൂര്‍: ഒന്‍പത് ദശാബ്ദക്കാല പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ആയുര്‍വേദ കേശ പരിചരണ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിപണിയില്‍ ഇറക്കിയ കെപി നമ്പൂതിരീസ് ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഷാംപ്പൂ, കെപി നമ്പൂതിരീസ് ആയുര്‍വേദിക് ആന്റി ഡാന്‍ഡ്രഫ് ഷാംപ്പൂ എന്നിങ്ങനെ രണ്ട് ആയുര്‍വേദ ഷാംപ്പൂക്കള്‍ക്കും കെപി നമ്പൂതിരീസ് ചെമ്പരുത്തി താളി എന്ന നൂതന ഹെയര്‍ ക്ലെന്‍സറിനും വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കെപി നമ്പൂതിരീസ് ഹെര്‍ബല്‍ ടൂത്ത് പേസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ഉത്പന്നങ്ങളുമായി ദന്ത പരിചരണ വിഭാഗത്തില്‍ വിജയകരമായ തനത് സ്ഥാനം ഉറപ്പിച്ച സ്ഥാപനമാണ് കെപി നമ്പൂതിരീസ്.

കേരളത്തിലെ വീടുകളില്‍ പരമ്പരാഗതമായി തയ്യാറാക്കുന്ന ചെമ്പരുത്തി താളിയെ അടിസ്ഥാനമാക്കി കേശ പരിചരണത്തിനുള്ള കൂടുതല്‍ ചേരുവകള്‍ ചേര്‍ത്താണ് കെപി നമ്പൂതിരീസിന്റെ ചെമ്പരുത്തി താളി തയ്യാറാക്കുന്നത്. കൃത്യമായ ഗുണനിലവാര നിയന്ത്രണങ്ങളോടെയും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയും മികച്ച ചേരുവകള്‍ ഉപയോഗിച്ച് സ്വന്തം ഫാക്ടറികളിലാണ് മൂന്ന് ഉത്പന്നങ്ങളും തയ്യാറാക്കിയിരിക്കുന്നത്.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആകര്‍ഷകമായ പുതിയ പാക്കിങ്ങില്‍ എത്തുന്ന ഉത്പന്നങ്ങള്‍ ഇപ്പോള്‍ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. ആന്റി ഡാന്‍ഡ്രഫ് ഷാംപ്പൂവിന്റെ പ്രചരണാര്‍ഥം പുതിയ ടെലിവിഷന്‍ പരസ്യം ഇറക്കിയിട്ടുണ്ട്. കൂടാതെ ചെമ്പരുത്തി താളിയുടെ പാരമ്പര്യവും കെപി നമ്പൂതിരീസിന്റെ സാങ്കേതിക മികവും വിവരിക്കുന്ന പുതിയ ഹ്രസ്വചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും പ്രചാരണത്തിലുണ്ട്.

കേശ പരിചരണ ഉത്പന്നങ്ങള്‍ക്കായി പ്രത്യേക ഉത്പാദന കേന്ദ്രങ്ങള്‍ കമ്പനി സജ്ജമാക്കിയിട്ടുണ്ട്. വിപണിയിലെ ആവശ്യത്തിന് അനുസൃതമായി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇത് മൂലം സാധിക്കും. നിര്‍മാണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലെ സെമി ഓട്ടോമേറ്റഡ് രീതിയില്‍ നിന്നും ഫുള്ളി ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ്.

കെപി നമ്പൂതിരീസിന്റെ വരുമാനത്തിന്റെ 10% ആണ് കേശ പരിചരണ ഉത്പന്നങ്ങള്‍ ഇപ്പോള്‍ സംഭാവന ചെയ്യുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 30% ആക്കി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് കമ്പനി തുടക്കമിട്ട് കഴിഞ്ഞു. കേരളത്തില്‍ കേശ പരിചരണ ഉത്പന്നങ്ങള്‍ താരതമ്യേന ചെറിയൊരു വിഭാഗമാണെങ്കിലും രണ്ടക്ക വളര്‍ച്ചാ നിരക്കാണ് ഇപ്പോഴുള്ളത്. ഇത് ഭാവിയില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ആയുര്‍വേദ ഹെര്‍ബല്‍ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡ് എന്ന നിലയില്‍ വിപണിയില്‍ പ്രമുഖ സ്ഥാപനമായി വളരാനുള്ള നടപടികളുടെ തുടക്കമെന്ന നിലയിലാണ് കേശ പരിചരണ വിഭാഗത്തില്‍ കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കെപി നമ്പൂതിരീസ് ആയുര്‍വേദിക്‌സ് എംഡി കെ. ഭവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ആയുര്‍വേദ ഹെര്‍ബല്‍ പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു.  

പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാദ്യം കമ്പനി പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചിരുന്നു. ആയുര്‍വേദിക്, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യത ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.
കേരളത്തില്‍ നാല് ഫാക്ടറികളും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തെ പ്രമുഖ നഗരങ്ങളിലും ജിസിസിയിലും വിപുലമായ വിതരണ ശൃംഖലയും കെ.പി. നമ്പൂതിരീസിനുണ്ട്.
 

Hot Topics

Related Articles