മലയാള സിനിമയുടെ അമരത്തു നിന്നും, അരങ്ങിന്റെ അണിയറയിലേയ്ക്ക് ലളിത ചേച്ചി മടങ്ങുമ്പോള്‍; പെണ്ണിന്റെ സകല ഭാവങ്ങളും ഇത്രമേല്‍ ഹൃദ്യമായി, യഥാര്‍ത്ഥമായി അരങ്ങില്‍ ഇനി ആര് അവതരിപ്പിക്കും? തന്റേടിയായ പട്ടാളം മാധവിയും പുരുഷവിരോധിയായ സൂപ്രണ്ടും മുതല്‍ കുശുമ്പും കുശാഗ്രബുദ്ധിയും സ്നേഹവും നിറഞ്ഞ അമ്മ- അമ്മായി അമ്മ- ഭാര്യ കഥാപാത്രങ്ങള്‍ വരെ; ഭൂഗോളത്തിലെങ്ങും അടയാളപ്പെടുത്താവുന്നൊരാള്‍… പൊന്നരിവാളമ്പിളിയില് കണ്ണെറിഞ്ഞോള്..

‘ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍മിക്കുമോ?’
‘പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പൊ എങ്ങനെ മരിക്കുമെന്നു ഈശ്വരനു മാത്രമേ അറിയൂ..’
‘ അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, പിന്നെ എങ്ങനെ ഓര്‍ക്കും..?’
‘നാരായണിയുടെ അടയാളം ഈ ഭൂഗോളത്തില്‍ എങ്ങും ഉണ്ട്..!’

Advertisements

അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളില്‍ നായകനായ ബഷീര്‍ നായികയായ നാരായണിയെ കാണുന്നില്ല. പക്ഷേ, ബഷീറൊഴികെ ബാക്കിയെല്ലാവരും നാരായണിയെ കാണുന്നുണ്ട്. മതില്‍ക്കെട്ട് പൊളിക്കാതെ തന്നെ നാരായണിയുടെ സകല ഭാവങ്ങളും ആസ്വദിക്കുന്നുണ്ട്. ഫ്രെയിമില്‍ വന്നില്ലെങ്കിലും മലയാളികളുടെ കണ്ണില്‍ നല്ല വണ്ണം കാണാന്‍ പാകത്തില്‍ അവിടെ ഒരു സ്ത്രീയുണ്ടായിരുന്നു, അവര്‍ക്ക് ഏറ്റവും പരിചിതയായ ഒരു സ്ത്രീ, കെ.പി.എ.സി ലളിത. നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കുവാനായി കെ.പി.എ.സി ലളിത എന്ന നടിയെ എന്ത് കൊണ്ട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അടൂരിന്റെ ഉത്തരം, ‘Familiar good voice was better than an unfamiliar bad voice’ എന്നായിരുന്നു. പക്ഷേ, ശബ്ദം കൊണ്ട് മാത്രമല്ല ആ പരിചിതത്വം ഊട്ടിയുറപ്പിക്കപ്പെട്ടത്, ആ കലാകാരിയുടെ നടപ്പും ഇരിപ്പും സകലഭാവങ്ങളും അവര്‍ക്ക് അത്രമേല്‍ പരിചിതമായത് കൊണ്ടുകൂടിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘നിനക്ക് കൂടുതല്‍ പെണ്‍മക്കളുണ്ടെങ്കില്‍, അവരെ വല്ല കടലിലും കൊണ്ടുപോയി കെട്ടിത്താഴ്ത്തടീ…’

1947 മാര്‍ച്ച് 10ന് കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായാണ് ജനനം. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. പിതാവ് കെ. അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ. നാലു സഹോദരങ്ങള്‍. ഫൊട്ടോഗ്രഫറായിരുന്നു അച്ഛന്‍. രാമപുരം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്‌കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോല്‍സവങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്.

അന്നത്തെ കാലത്ത് അത്ര എളുപ്പമായിരുന്നില്ല കലാജീവിതം. ആട്ടക്കാരികളെ ‘അഴിഞ്ഞാട്ടക്കാരികളായി’ കണ്ടിരുന്നവരായിരുന്നു അധികവും. യാഥാസ്ഥിതിക കുടുംബവും സമൂഹവും മാതാപിതാക്കളെ നിരുത്സാഹപ്പെടുത്തി. അച്ഛന്‍ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍ക്കാരും അമ്മയോട് തട്ടിക്കയറി. ‘നിനക്ക് കൂടുതല്‍ പെണ്‍മക്കളുണ്ടെങ്കില്‍, അവരെ വല്ല കടലിലും കൊണ്ടുപോയി കെട്ടിത്താഴ്ത്തടീ…’ നീണ്ടനാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നൃത്തം പഠിക്കാന്‍ അല്‍പ്പനേരം പോകാമെന്നായി അച്ഛന്‍. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകരുതെന്ന് അമ്മ നിബന്ധന വച്ചു. അക്കാലത്തൊക്കെ സിനിമയിലോ നാടകത്തിലോ അവസരം കിട്ടണമെങ്കില്‍ ആദ്യം നൃത്തം പഠിക്കണം. കലാഹൃദയനായിരുന്ന അച്ഛന്‍ അനുകൂലിച്ചതു മാത്രമാണ് മഹേശ്വരിക്ക് രക്ഷയായത്.

‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’

പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ (കേരള പീപിള്‍സ് ആര്‍ട്സ് ക്ലബ് )കെപിഎസിയിലെത്തി. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ മഹേശ്വരി ശ്രദ്ധനേടി. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ എസ് സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തോപ്പില്‍ ഭാസി തന്നെയാണ് ലളിത എന്ന പേരിട്ടത്. ഇതോടെ മഹേശ്വരി കെപിഎസി ലളിതയായി മാറി.
പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍..

‘കല്യാണി, കളവാണീ…’

അമ്മ, അമ്മായിയമ്മ, ഭാര്യ തുടങ്ങി പക്വതയുള്ള രൂപമാണ് ഇന്നത്തെ തലമുറയുടെ മനസ്സില്‍ കെപിഎസി ലളിതക്ക്. പക്ഷേ, വയലാറിന്റെ നിത്യഹരിതമെന്ന് വിശേഷിപ്പിക്കാവുന്ന വരികള്‍ക്ക് സ്‌ക്രീനില്‍ ചേല് ചാര്‍ത്തിയത് അവരായിരുന്നു. ‘കല്യാണി, കളവാണീ…’ എന്നു പാടി, പൗരുഷമുള്ള സത്യന്‍ സാറിനെയും ഉള്ളില്‍ക്കണ്ട്, ഊഞ്ഞാലാടുന്ന ചേലുള്ള ചെറുപ്പക്കാരി, ആലപിച്ചതാകട്ടെ, കുയില്‍ നാദമുള്ള മാധുരിയമ്മയും. അനുഭവങ്ങള്‍ പാളിച്ചകള്‍ (1971) ഒമ്പതാമത്തെ പടമായിരുന്നു. അന്ന് 23 വയസ്സ് മാത്രമാണ് ലളിതക്ക് പ്രായം. തകഴിയുടെ കഥയും തോപ്പില്‍ ഭാസിയുടെ തിരക്കഥയും, സേതുമാധവന്റെ സംവിധാനവും. ആദ്യത്തെ ഗൗരവമേറിയ കഥാപാത്രം.

1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെപിഎസി ലളിത ജീവിത പങ്കാളിയാക്കുന്നത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘മീന്‍ കിട്ട്യാലും സന്തോയം, മീന്‍ കിട്ടീലേലും സന്തോയം!’ എന്നു പറയുന്ന അമരത്തിലെ ഭാര്‍ഗവിയുടെ റോള്‍ ലളിതയെ മനസ്സില്‍ കണ്ടുകൊണ്ടാണ് ലോഹിതദാസ് എഴുതിയത്. ഭരതന് പകരം, വേറൊരു സംവിധായകനായാലും ഭാര്‍ഗവിയെ അവതരിപ്പിക്കാന്‍ ലളിതയെ തന്നെയേ വിളിക്കുമായിരുന്നുള്ളൂ. ആ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങള്‍ ഭരതന്റേത് തന്നെയായിരുന്നു.

ആരവത്തിലെ അലമേലുവും, സന്മനസ്സുള്ളവര്‍ക്കു സമാധാനത്തിലെ കാര്‍ത്ത്യായനിയും ഗോഡ്ഫാദറിലെ കൊച്ചമ്മിണിയും വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണും അവസരങ്ങള്‍ക്ക് വേഗത കൂട്ടി. അടൂരിന്റെ സ്വയംവരവും കൊടിയേറ്റവും അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായി.

കുശുമ്പും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവും അതിലേറെ സ്നേഹവുമുള്ള സ്ത്രീ കഥാപാത്രങ്ങള്‍

സ്ത്രീയുടെ സകലഭാവങ്ങളും കെ.പി.എ.സി ലളിതയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ടും കുശുമ്പും കുശാഗ്രബുദ്ധിയും കാണിക്കേണ്ടിടത്ത് ചെരിഞ്ഞുള്ള കാക്ക നോട്ടം കൊണ്ടും നെഞ്ചി തല്ലി കരയുമ്പോള്‍ കണ്ണിലെ തീ കൊണ്ടും ചുണ്ടില്‍ പുഞ്ചിരിയും കണ്‍കോണില്‍ നനവും ഒളിപ്പിച്ച് പ്രയാസങ്ങള്‍ ഉള്ളിലൊതുക്കുന്നവളായും അദ്ഭുതം തീര്‍ക്കാന്‍ ലളിതയ്ക്കായി. സുകുമാരിയെപ്പോലെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാന്‍ അസാമാന്യ കഴിവ് പുലര്‍ത്തിയതോടെ ലളിത ജനപ്രിയനടിയായി. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ, അമ്മായി അമ്മ, ഭാര്യ വേഷങ്ങള്‍ ഒതുക്കത്തോടെ കൈകാര്യം ചെയ്തു.

വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവി, കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സിഐഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ അങ്ങനെ ഒരു കാലഘട്ടം.

ഭരതവിയോഗം തീര്‍ത്ത ഇടവേളട

‘മണിയേട്ടന്‍’ എന്ന ഭരതന്റെ മരണം ലളിതയെ വല്ലാതെ തളര്‍ത്തിയിരുന്നു. പിന്നീട് മകന്‍ നടനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ അപകടവും വേദനിപ്പിച്ചു. ഈ സങ്കടങ്ങളില്‍നിന്നൊക്കെ കരകയറാന്‍ അവര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ലളിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും തിരിച്ചെത്തി. തിരച്ച് വരവിന് ശേഷവും ഗംഭീരമായ കഥാപാത്രങ്ങള്‍ അവരെ കാത്തിരുന്നു. ശാന്തത്തിലെ നാരായണിക്ക് മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു.

എന്നും പ്രേക്ഷകരുടെ മനസ്സിനക്കരെ

കനല്‍ക്കാറ്റിലെ മിസിസ് ഓമന നാരായണന്‍ ചിരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട കഥാപാത്രമായിരുന്നു. നത്ത് നാരായണന്‍ പണത്തിന് വേണ്ടി വിവാഹം കഴിച്ച മുതലാളിയില്‍ നിന്നും ഗര്‍ഭിണിയായ ഓമന. ഒരു പൊട്ടിയായ സ്ത്രീയായോ കഥയില്ലാത്തവളായോ വ്യാഖ്യാനിക്കാവുന്ന കഥാപാത്രം. മമ്മൂട്ടിയും കെ.പി.എസി. ലളിതയും മത്സരിച്ച് അഭിനയിച്ച കോമ്പിനേഷന്‍ സീനുകള്‍. രണ്ടാളും ഫ്രോഡാണെന്ന് പരസ്പരം അറിഞ്ഞ്, പുറമേ നടത്തുന്ന സ്‌നേഹ പ്രകടനവും പഞ്ചാര വാക്കുകളും- ഹ്യൂമറിന്റെ ്അസാമാന്യ തലത്തിലുള്ള രംഗം. അവസാനം തന്നെവിട്ട് ഓടിപ്പോയ നത്തിനെ അന്വേഷിച്ച് ഓമന മുരളിയുടെ വീട്ടിലെത്തുമ്പോള്‍, അത്രയും നേരം ചിരിപ്പിച്ച ആളേ അല്ലാതാകും. ” ഈ താലി ഞാന്‍ കഴുത്തിലിട്ടോട്ടേ..? ” എന്ന ചോദ്യത്തില്‍ കണ്ടിരുന്നവരെ മുഴുവന്‍ കരയിപ്പിച്ചു. ഫ്രോഡായ ഒരു സ്ത്രീയോട് എത്ര പെട്ടെന്നാണ് വല്ലാത്ത സ്‌നേഹവും അടുപ്പവും മമതയും തോന്നിന്നത്?

ഒരിടവേളക്ക് ശേഷം മനസ്സിനക്കരയിലൂടെ ഷീല തിരിച്ചെത്തിയപ്പോള്‍ കച്ചുത്രേസ്യയുടെ ഒപ്പത്തിനൊപ്പം നിന്നു കുഞ്ഞുമറിയവും. കുഞ്ഞുമക്കള്‍ക്കായി ഉണ്ടാക്കിയ പലഹാരം കണ്‍മുന്നില്‍ വലിച്ചെറിയുന്നത് കാണുമ്പോള്‍,
‘രാത്രി ഒരു പോള കണ്ണടക്കാതെ ഇരുന്നു ഉണ്ടാക്കിയതാ’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോകുന്ന ഒരു രംഗമുണ്ട്. എപ്പോള്‍ കണ്ടാലും കണ്ണ് നിറക്കുന്ന രംഗം. അധികമൊന്നും ഇല്ല, ഒരു വരി മാത്രം. പിന്നെ തിരിഞ്ഞൊരു നടത്തമാണ്..!

ഏറ്റവും അടുത്തറിയാവുന്ന ഒരാള്‍ കൂടി കടന്ന് പോകുമ്പോള്‍, ആ വിടവ് അങ്ങനെതന്നെ തുടരട്ടെ.. കാരണം, ചിലര്‍ക്ക് പകരം ഭൂഗോളത്തില്‍ മറ്റൊരാളില്ല..!

Hot Topics

Related Articles