തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ കരട് പട്ടികയുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്ക്. പട്ടികക്ക് ഹൈകമാന്‍ഡിന്റ അംഗീകാരം തേടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെത്തും.
സംസ്ഥാനത്തുനിന്ന് ഡല്‍ഹിയിലുള്ള പാര്‍ട്ടി നേതാക്കളുമായി ശനിയാഴ്ചയും ഞായറാഴ്ച ഹൈകമാന്‍ഡ് പ്രതിനിധികളുമായും സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റ് മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ മുന്നോട്ടുവെച്ച പേരുകള്‍ പരിഗണിച്ചാണ് കരട് പട്ടിക തയാറാക്കിയത്. ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരിക്കും അന്തിമ പട്ടിക തയാറാക്കി അംഗീകാരത്തിന് ഹൈകമാന്‍ഡിന് സമര്‍പ്പിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡല്‍ഹി യാത്രക്ക് മുന്നോടിയായി കരട് പട്ടിക തയാറാക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടിയാലോചനകള്‍ നടത്തി. ഹൈകമാന്‍ഡ് നിയമിച്ച പ്രസിഡന്റിനും മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും പുറമെ മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരെയും 28 നിര്‍വാഹക സമിതിയംഗങ്ങളെയുമാണ് ഇനി തീരുമാനിക്കേണ്ടത്. ജംബോ സമിതി ഒഴിവാക്കി നിര്‍വാഹക സമിതിയംഗങ്ങള്‍ ഉള്‍പ്പെടെ 51 അംഗ സംഘടനാ സംവിധാനം കെ.പി.സി.സിക്ക് മതിയെന്നാണ് തീരുമാനിച്ചിട്ടുള്ളത്. 30 ഓളം സെക്രട്ടറിമാരെ പിന്നീട് തീരുമാനിക്കുമെങ്കിലും അവര്‍ നയരൂപവത്കരണത്തിനുള്ള പാര്‍ട്ടി നിര്‍വാഹകസമിതിയില്‍ ഉണ്ടാകില്ല.
വി.എസ്. ശിവകുമാര്‍, എ. ഷാനവാസ്ഖാന്‍, എ.എ. ഷുക്കൂര്‍, ജോസി സെബാസ്റ്റിയന്‍, ടോമി കല്ലാനി, വി.ടി. ബലറാം, അഡ്വ. അശോകന്‍, ജെയ്‌സന്‍ ജോസഫ്, വി.പി. സജീന്ദ്രന്‍, അബ്ദുല്‍ മുത്തലിബ്, ആര്യാടന്‍ ഷൗക്കത്ത്, അനില്‍ അക്കര, സുമ ബാലകൃഷ്ണന്‍, ബിന്ദു കൃഷ്ണ, സജീവ് മാറൊളി തുടങ്ങിയവരുടെ പേരുകളാണ് കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് സജീവമായി പരിഗണിക്കുന്നത്.