കെ എസ് ആർ ടി സി ക്കാർ എഴുതിയ പി എസ് സി യുടെ ഫുൾ ഫോം പ്രൈവറ്റ് സർവീസ് കമ്മീഷൻ എന്നാണോ ? ഇനിയും തിരുത്താൻ തയ്യാറാകാത്തവരെ ആ കൊടി തന്നെ തിരുത്തുമെന്നതോർത്ത് : ശമ്പളമില്ലാതെ മണിക്കൂറുകളോളം പണിയെടുക്കുന്ന ഒരു കെഎസ്ആർടിസി ജീവനക്കാരൻ എഴുതുന്നു ,  ഹൃദയ രക്തം ചാലിച്ച്

ചുവപ്പാണ് ചോര

Advertisements

കെ.എസ്.ആർ.ടി.സി ജീവനക്കാരൻ
     സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വരുന്നത്..
ഒറ്റക്കെട്ടായി നിൽക്കുന്ന ഒരു തൊഴിലാളി സമൂഹം പ്രതീക്ഷയുടെ അവസാന തുരുത്തായ ഈ കേരളത്തിലും ഇനി ഉണ്ടാവില്ല എന്നത് ഓർക്കുമ്പോളല്ല..
അദ്ധ്യാപകർക്ക് വേണ്ടിയും സർക്കാർ ജീവനക്കാർക്ക് വേണ്ടിയും സർവ്വ രാജ്യ തൊഴിലാളികൾക്ക് വേണ്ടിയും ഞങ്ങളും ആവേശത്തോടെ മുദ്രാവാക്യം വിളിച്ചതോർത്ത്..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്നത് നമ്മൾ തന്നെ ആയിരുന്നല്ലോ നേടി എടുത്തത് എന്നോർത്ത്…
കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂറിൽ ജോലി ചെയ്യിക്കുമെന്ന് ഒരു ഇടതു മുന്നണി മന്ത്രിയുടെ നിലപാടിനെ വലതു പക്ഷ പാർട്ടിയുടെ നേതാക്കൾക്ക്  നിയമസഭയിൽ ചോദ്യം ചെയ്യേണ്ടി വന്നതോർത്ത്

അതു കേട്ടിട്ടും എട്ടുമണിക്കൂറിൽ അധികം ജോലി ഉൾപ്പെടെയുള്ള കേന്ദ്ര നയങ്ങൾക്കെതിരെ രാജ്യം മുഴുവൻ രണ്ടു ദിവസത്തെ പണിമുടക്കിന് നേതൃത്വം കൊടുത്ത സി.ഐ.ടി.യു വിന്റെ ദേശീയ നേതൃത്വത്തിലുള്ളവർ മുതൽ  എന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന ചെങ്കൊടി പ്രസ്ഥാനത്തിന്റെ അമരക്കാർ വരെ ഒരക്ഷരം മിണ്ടാനില്ലാതെ ഭരണ പക്ഷ നിരയിൽ ഇരുന്നതോർത്ത്..

മറ്റുള്ളവരുടെ എല്ലാ ആവശ്യങ്ങൾക്കും തൊഴിലാളി ഐക്യ ബോധമുറപ്പിച്ചു പണിമുടക്ക് നടത്തിയ പാവം കെ.എസ്.ആർ.ടി.സി തൊഴിലാളിക്കായി ശബ്ദിക്കാൻ പോലും സംഘടിത തൊഴിൽ മേഖലയിൽ ആരും ഇല്ലല്ലോ എന്നോർത്ത്..

എനിക്ക് ചില  സന്തോഷങ്ങളുണ്ട്…
ഇനി ഒരാളുടെയും പണിമുടക്കിന്… അത് അധ്യാപകനോ കെഎസ്ഇബി തൊഴിലാളിയോ ജീവനക്കാരനോ ആരുമാവട്ടെ … അവന്റെ വിഷയങ്ങളിലെ സംയുക്ത പണിമുടക്കുകളിൽ പങ്കെടുക്കാതെ ഇനി കെഎസ്ആർടിസി തൊഴിലാളിക്ക് വണ്ടി ഓടിക്കാമല്ലോ എന്നോർത്ത്.. ആ സമരങ്ങളിൽ ജനജീവിതം നിശ്ചലമാക്കുന്നതിന്റെ ആദ്യ പഴിയും കെഎസ്ആർടിസി ക്കാരന് ഇനി കേൾക്കേണ്ടതില്ലല്ലോ എന്നോർത്ത്..

എനിക്ക് സംശയമുണ്ട്…
ഞാൻ എഴുതിയത് സർക്കാർ റിക്രൂട്ടിങ് ഏജൻസി ആയ പി എസ് സി പരീക്ഷ അല്ലേ എന്ന് ഓർത്ത്.. കാരണം മികച്ച സ്വകാര്യ ജോലികളും കരിയറുകളും ഉപേക്ഷിച്ചു പി എസ് സി വിളിച്ച പരീക്ഷ എഴുതി മത്സരിച്ചു ജയിച്ചു നേടിയ ജോലിയുടെ ശമ്പളം ഉറപ്പാക്കേണ്ട ബാധ്യത ഇല്ല എന്ന് ഒരു സർക്കാർ നീതിപീഠത്തോട് പറയുന്നത് കേട്ട്..

എനിക്കിപ്പോൾ സംശയമുണ്ട് കെ എസ് ആർ ടി സി ക്കാർ എഴുതിയ പി എസ് സി യുടെ ഫുൾ ഫോം പ്രൈവറ്റ് സർവീസ് കമ്മീഷൻ എന്നാണോ  എന്നോർത്ത്..

എനിക്കു വീണ്ടും സംശയമുണ്ട്…

പ്രളയം വന്നപ്പോ ശമ്പളത്തിൽ നിന്ന് തുക ചോദിച്ചപ്പോ ആ ഉത്തരവ് കത്തിച്ചവരേ ഓർത്തല്ല..

ഒരു PSC പരീക്ഷയും എഴുതാതെ മാനേജ്മെന്റ് നടത്തുന്ന പരീക്ഷകളിൽ പല എയ്ഡഡ് വിദ്യാലയങ്ങളിലും അകത്തുകയറി ksrtc ക്കാരന്റെ നാലിരട്ടി ശമ്പളം സർക്കാരിൽ നിന്ന് വാങ്ങുന്ന ആ അവർക്ക് എല്ലാ മാസവും  ശമ്പളം കൃത്യമാണെന്ന്  ഉറപ്പാക്കുന്നതോർത്ത്..

പ്രളയ ഫണ്ടും വാക്സിൻ ഫണ്ടും ഒരു മടിയും കൂടാതെ നൽകുമ്പോൾ മാത്രം ഞാൻ സർക്കാർ ജീവനക്കാരുടെ പട്ടികയിൽ ആണെന്നോർത്ത്..

രണ്ടു മാസത്തെ ശമ്പളം കൊടുക്കാൻ നിർദേശിച്ച കോടതിയോട് അത് ഞങ്ങളുടെ ബാധ്യത അല്ലെന്ന് ഒരു സർക്കാർ പറഞ്ഞതോർത്ത്..

സത്യമായും എനിക്ക് ഇപ്പോൾ വീണ്ടും സംശയമുണ്ട് ഞാൻ എഴുതിയ PSC പ്രൈവറ്റ് സർവീസ് കമ്മിഷൻ ആയിരുന്നോ എന്നോർത്ത്..

എനിക്ക് സംശയമില്ല..

നാളെ ഇതേ അവസ്ഥ KSEB ക്കാരനും വരും എന്നോർത്ത്.. അന്ന് അവനു വേണ്ടി ശബ്ദിക്കേണ്ട ബാധ്യത എനിക്കും ഇനി ഇല്ല എന്നോർത്ത്..

എനിക്ക് ഒട്ടും സംശയം ഇല്ല.. വാട്ടർ അതോറിറ്റിയിയിൽ, അധ്യാപകരിൽ,ഏറ്റവുമൊടുവിൽ the most elited സർക്കാർ വകുപ്പുകളിൽ ഒക്കെ നാളെ ഇതേ ശൈലികൾ കടന്നു വരുമെന്നോർത്ത് .. നാളെ അവർക്കു വേണ്ടി ശബ്ദിക്കേണ്ട ആവശ്യവും  പാവം KSRTC ക്കാരനും ഇല്ല എന്നോർത്ത്

എനിക്ക് അതിയായ ആശങ്കയുണ്ട്

നാളെ സ്വകാര്യ മുതലാളിമാർ അവരുടെ തൊഴിലിടങ്ങളിൽ ഇതേ 12 മണിക്കൂർ നടപ്പിലാക്കുമ്പോൾ നാട്ടിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ നിസഹായരാകുന്നതോർത്ത്.. ചോദ്യം ചെയ്യാൻ എത്തുന്നവനോട് സർക്കാരിന്റെ ksrtc യേ ചൂണ്ടിക്കാട്ടി അവിടെ ആകാമെങ്കിൽ ഇവിടെ എന്തേ കൊഴപ്പം എന്നു പറഞ്ഞു അവർ ചിരിക്കുന്നതോർത്ത്..

എന്റെ കണ്ണുകൾ നിറയുന്നുണ്ട്..

ഓണം ഒരാഴ്ച മാത്രം അകലെ നിൽക്കുമ്പോളും രണ്ടു മാസത്തെ ശമ്പളം ഇതുവരെ കിട്ടാത്ത എന്റെ സഹപ്രവർത്തകരെയോർത്ത്.. പാടത്തു പണിക്ക് വരമ്പത്തു കൂലി എന്നു പഠിപ്പിച്ചവർ തന്നെ  നിസംഗമായി നിൽക്കുന്നതോർത്ത്..
കെഎസ്ആർടിസി തൊഴിലാളികളുടെ വീടകങ്ങളിലെ കുട്ടികളുടെയും രോഗികളായ അച്ഛനമ്മമാരുടെയും നിസഹായരായ മുഖങ്ങൾ ഓർത്ത്..
ഉള്ളം പൊട്ടിത്തെറിക്കുമ്പോളും താളം തെറ്റാതെ സ്റ്റിയറിങ്ങ് പിടിക്കുകയും ടിക്കറ്റ് കൊടുക്കുകയും രാത്രിയെ പകലാക്കി ഇരുമ്പിനോട് മല്ലിടുന്ന എന്റെ പ്രിയപ്പെട്ടവരെയോർത്ത്..

ഒരു സംഘടന 81 ദിവസമായി സമരത്തിലിരുന്നിട്ടും ആ ആവശ്യങ്ങൾ അംഗീകരിക്കാത്ത നിലപാടുകൾ ഓർത്ത്..
എനിക്ക് അത്ഭുതമുണ്ട് ചോര ചിന്തി നേടി എടുത്ത തൊഴിൽ നിയമങ്ങൾ നമ്മളും മാറ്റി എഴുതുന്നതോർത്ത്…
എനിക്കത്ഭുതമില്ല..

ഇത്രയൊക്കെ നടക്കുമ്പോളും പണ്ടേ നെഞ്ചോടടുക്കിയ ആ ചെങ്കൊടി ഇനിയും അങ്ങനെ തന്നെ ഞാൻ ചേർത്തു പിടിക്കുമെന്നതോർത്ത്..  ഇനിയും തിരുത്താൻ തയ്യാറാകാത്തവരെ ആ കൊടി തന്നെ തിരുത്തുമെന്നതോർത്ത് ..മണ്ണോടു ചേരും വരെയും ആ കൊടി തന്നെ ചേർത്തു പിടിക്കുമെന്നതോർത്ത്…
എനിക്കുറപ്പുണ്ട് നിങ്ങൾക്ക് തിരുത്തേണ്ടി വരുമെന്ന്.. ആ കൊടി തന്നെ അവരെ തിരുത്തുമെന്നും…
അനൂപ് അയ്യപ്പൻ


.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.