ആലപ്പുഴ: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയപ്പോൾ നഷ്ടപ്പെട്ട 1,10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് ഈടാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഇതിനായി നോട്ടിസ് നൽകുമെന്നും അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. കെഎസ്ആർടിസി വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് ഉന്നത അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
ഒരാഴ്ച മുൻപു നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തിൽ മറ്റു നടപടികളൊന്നും ആയിട്ടില്ല.അതേസമയം, പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നൽകിയ രീതിയെപ്പറ്റി വിമർശനം ഉയരുന്നുണ്ട്.ഡിപ്പോയിൽ നിന്നു പണം നഷ്ടപ്പെട്ടാൽ കോർപറേഷൻ അധികൃതർ പരാതി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവിടെ പണവുമായി പോയ താൽക്കാലിക ജീവനക്കാരിയാണ് പരാതിപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണം കൊണ്ടുപോയതിലും ചട്ടലംഘനങ്ങളുണ്ട്. പണം കൊണ്ടുപോകുമ്പോൾ ഉത്തരവാദപ്പെട്ട ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ഒപ്പം പോകണം. യാത്രാബസിൽ പണം കൊണ്ടുപോകരുതെന്നും നിർദേശമുള്ളതാണ്. ഇതൊന്നും പാലിച്ചിട്ടില്ല.ഡിപ്പോയിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബാങ്കിലേക്കാണ് പണം കൊണ്ടുപോയത്. തിരക്കുള്ള ബസിലാണ് പോയതെന്ന് താൽക്കാലിക ജീവനക്കാരി മൊഴി നൽകിയിരുന്നു.
എന്നാൽ, ഇവർ കയറിയ ബസിൽ 20ൽ താഴെ യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ഇഷ്യുവർ പണം കെട്ടുകളാക്കി കാഷ് ബുക്കിൽ നോട്ടുകളുടെ എണ്ണം ഉൾപ്പെടെ എഴുതി വച്ച ശേഷം ഡ്യൂട്ടി കഴിഞ്ഞു പോയി. പിന്നീടു വന്ന ഡേറ്റ എൻട്രി ഓപ്പറേറ്ററാണ് താൽക്കാലിക ജീവനക്കാരിയെ പണം ഏൽപിച്ചത്. ബസിൽ കയറിയപ്പോൾ ബാഗിന്റെ സിപ് തുറന്ന് പണം അപഹരിച്ചെന്നാണ് ജീവനക്കാരി പറയുന്നത്. ബസിൽനിന്ന് ഇറങ്ങിയപ്പോഴാണ് ഇത് മനസ്സിലായതെന്നും പറഞ്ഞിട്ടുണ്ട്
സംഭവം നടന്ന ദിവസം ഡിപ്പോയിൽ ജീവനക്കാർ കുറവായിരുന്നു. സാധാരണ പണം കൈകാര്യം ചെയ്യുന്ന ഓഫിസ് അസിസ്റ്റന്റ് തിരുവനന്തപുരത്ത് പരിശീലനത്തിലും സ്റ്റേഷൻ ചുമതലയുള്ള ജീവനക്കാരൻ അവധിയിലുമായതിനാൽ രണ്ടു ജീവനക്കാർ മാത്രമാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.