തിരുവനന്തപുരം: നടുറോഡില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് യദുവിന്‍റെ ആവശ്യം. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
അതേസമയം, കെഎസ്ആർടിസി ബസിലെ സിസിടിവി ദ്യശ്യങ്ങൾ കാണാതായ സംഭവത്തിൽ പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയില്ല. തമ്പാനൂരിൽ ബസ് പാർക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സ്റ്റാന്റിന്റെ അകത്തുള്ള രാത്രികാല ദൃശ്യങ്ങൾ വ്യക്തമല്ല. സംഭവം നടന്ന ദിവസം മുതലുളള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം ഡ്രൈവർ യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. യദുവിന്റെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തും. രണ്ട് ദിവസത്തിനകം റിപ്പോർട്ട് ഡിസിപിക്ക് കൈമാറും. മേയറുടെ ഔദ്യോഗിക ഫോണിലേക്ക് മോശം മെസ്സേജ് അയച്ചതിന് എറണാകുളം സ്വദേശി ശ്രീജിത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.