കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അതിവേഗത്തിൽ സ്വകാര്യവൽക്കരണത്തിലേക്കു നീങ്ങുന്നുവെന്ന് ആക്ഷേപം. മികച്ച രോഗിപരിചരണം മിതമായ നിരക്കിൽ എന്ന സർക്കാർ നയം കാറ്റിൽ പറത്തികൊണ്ടാണ് ആശുപത്രി സ്വകാര്യവൽക്കരണത്തിലേക്ക് എന്ന പോലെ നീങ്ങുന്നത്. ഓഡിറ്റ് നിർദേശങ്ങൾ പാലിക്കാതെ വരവിനു അനുസരിച്ചു ചിലവ് നിയന്ത്രിക്കാതെ കുത്തഴിഞ്ഞ രീതിയിൽ ആണ് ഇപ്പോഴും ആശുപത്രി വികസന സൊസൈറ്റി മുന്നോട്ട് കൊണ്ട് പോകുന്നത്. 2 കോടി രൂപയാണ് ഒരു മാസം ശരാശരി എച്ച് ഡി എസ് വഴി ആശുപത്രിക്ക് ലഭിക്കുന്നത്. എന്നാൽ 15 കോടിയോളം വരുമെന്നാണ് ആശുപത്രി അധികൃതർ സർക്കാരിനെ ധരിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന സർക്കാർ ജീവനക്കാരെ ഒഴിവാക്കി പ്രധാന സ്ഥാനങ്ങളിൽ അധികൃതർക്ക് താല്പര്യമുള്ള താൽക്കാലിക ജീവനക്കാരെ കുത്തിനിറച്ചും എച്ച്. ഡി. എസ് കമ്മിറ്റിയെ നോക്കു കുത്തിയാക്കിയും ആണ് കാര്യം സാധിക്കുന്നത്. പല പ്രോജക്ടുകളും തുടങ്ങിയ ശേഷമാണ് ആശുപത്രി വികസന സമിതി അംഗങ്ങളുടെ മീറ്റിംഗിൽ അവതരിപ്പിച്ച് പാസ്സാക്കി എടുക്കുന്നത്. വിവിധ രാഷ്ടീയ പാർട്ടികളുടെ പ്രതിനിധികളാണ് എച്ച് ഡി എസ് അഗങ്ങൾ എന്നതിനാൽ ഭൂരിപക്ഷം അംഗങ്ങൾക്കും നിജസ്ഥിതി അറിയാത്തതിനാൽ അംഗങ്ങൾ പലതും അറിയാതെ മീറ്റിംഗുകളിൽ ഇതെല്ലാം അംഗീകരിക്കുകയാണ് പതിവ്. ധന സ്ഥിതിയെ പറ്റി ജില്ലാ കളക്ടറെ വരെ മീറ്റിംഗുകളിൽ തെറ്റുധരിപ്പിക്കുന്നതായും പരാതി ഉണ്ട് . സർക്കാർ ജീവനക്കാരെ ഒ.പി കളിൽ നിന്നും അഡ്മിഷൻ കൗണ്ടറിൽ നിന്നുമൊക്കെ അതിവേഗത്തിൽ ഒഴിവാക്കി കൊണ്ടിരിക്കുന്നു. കാസ്പ് മാർഗ നിർദ്ദേശങ്ങൾ മറികടന്നാണ് ഇപ്പോഴും സ്റ്റാഫ് പറ്റേൺ നടപ്പാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശമ്പളത്തിനു ചിലവാക്കുന്ന തുക നിശ്ചിത പരിധിക്കും അപ്പുറമാണ്. അടുത്തിടെ ആരോഗ്യ സർവ്വകലാശാല അക്ക്രെഡിറ്റേഷൻ നേടിയെടുത്ത കോളേജിന്റെ ഭാഗമായ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ അവസ്ഥ വളരെ ദയനീയമാണ്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ ഉള്ള ബില്ലുകൾ ആണ് രോഗികൾക്ക് കൗണ്ടറുകളിൽ നിന്നും ലഭിക്കുന്നത്. ആശുപത്രിയുടെ അനാസ്ഥ പാവപെട്ട രോഗികളുടെ മുകളിൽ ഭീമമായ ബില്ലുകളുടെ രൂപത്തിൽ കെട്ടിവെയ്ക്കുകയാണ്. പരിശോധനകൾക്ക് സ്വകാര്യ സർക്കാർ വ്യത്യാസം ഇല്ലാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ കൂണുകൾ പോലെ ആശുപത്രി പരിസരത്ത് മുളച്ചു പൊന്തുകയാണ്.