കോട്ടയം: ചിത്രകലയെ ജീവനായ് കാണുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ.. തനിക്ക് സ്വതസിദ്ധമായി ലഭിച്ച കഴിവിനെ ജോലി എന്ന ചട്ടക്കൂട്ടിൽ തളച്ചിടാതെ, അതുപയോഗിച്ച് തന്നാൽ കഴിയുന്ന രീതിയിൽ സമൂഹത്തിനും, ചുറ്റുമുള്ളവർക്കും ഉപയോഗപ്രദമായി വിനിയോഗിക്കുകയാണ് രാജേഷ് എന്ന ഈ അസി. സബ് ഇൻസ്പെക്ടർ. ഭാര്യ ശ്രീകല ഒരു പാട്ട് പാടി തീരുന്ന സമയം കൊണ്ട് കാൻവാസിൽ മനോഹരമായ ഒരു പൂർണ്ണ ചിത്രം വരച്ചെടുക്കാൻ കാക്കിക്കുള്ളിലെ ഈ കലാകാരനും വേണ്ടത് വെറും അഞ്ച് മിനുറ്റു മാത്രം. മലയാളത്തിലെ ഏതു പാട്ടുപാടിയാലും അതിന് അനുയോജ്യമായ തരത്തിൽ ഒരു ചിത്രം അദ്ദേഹം വളരെ അനായാസമായി വരച്ചെടുക്കും.
കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഭാര്യ ശ്രീകലയും, സഹോദരൻ ജനീവും പാടിയ ഗാനത്തിന് അനുസരിച്ച് അദ്ദേഹം മനോഹരമായ ഒരു കേരള ചിത്രം വരച്ചിരുന്നു. ചിത്രം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കാണ്
ജില്ലാ കളക്ടർ വി. വിഘ്നേശ്വരിക്ക് കൈമാറിയത്. വരയോടുള്ള അദ്ദേഹത്തിന്റെ ഈ താൽപര്യം ഒന്നു കൊണ്ട് മാത്രമായിരിക്കാം , കേരളത്തിലെ തന്നെ മികച്ച പൊലീസ് രേഖ ചിത്രം വരയ്ക്കുന്ന വ്യക്തി എന്ന ഖ്യാതിയും അദ്ദേഹത്തിനു ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2007 മുതൽ രേഖാ ചിത്രം വരക്കാൻ തുടങ്ങിയ അദ്ദേഹം കേരളത്തിൽ അങ്ങോളം 200 ൽ അധികം രേഖാ ചിത്രങ്ങൾ വരക്കുകയും അതിൽ ഭൂരിഭാഗവും പ്രതിയിലേക്ക് എത്താൻ സാധിക്കുകയും ചെയ്തു. പാറമ്പുഴ കൊലപാതകം, ജിഷ കൊലപാതകം, തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.
2017 ലെ മികച്ച സാമൂഹിക സംഭാവന നൽകുന്ന ചിത്രകാരൻ എന്നുള്ള നന്മ JC ഡാനിയൽ അവാർഡ് രാജേഷിനെ തേടിയെത്തി. ധനസമ്പാദനത്തിനുപരി ചിത്രകലയെ ആത്മ സംതൃപ്തിയും, സോഷ്യൽ സർവ്വീസുമായാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ കാണുന്നത്. പണമോ പദവിയോ അല്ല, മറിച്ച് തനിക്ക് ഏറെ ഇഷ്ടമുള്ള ചിത്രകലയെ കൂട്ടുപിടിച്ച് മുൻപോട്ടുള്ള ജീവിതം ആത്മ സംതൃപ്തിയോടെ നയിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.