കുടിലിന് തീപിടിച്ച്‌ വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു

ഭോപ്പാല്‍: കുടിലിന് തീപിടിച്ച്‌ വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.ശനിയാഴ്ച രാത്രി 11.30-ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം നടന്നത്.തണുപ്പ് കൂടിയതിനെത്തുടർന്ന് ചൂട് നേടാനായി കത്തിച്ച സ്റ്റൗവില്‍ നിന്നുമാവാം വീട്ടിലേയ്ക്ക് തീ പടർന്നതെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വികാസ് യാദവ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ആരേയും രക്ഷിക്കാൻ കഴിഞ്ഞില്ല.മുത്തച്ഛനായ ഹജാരി ബഞ്ചാര (65), ചെറുമകള്‍ സന്ധ്യ (10) എന്നിവർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മറ്റൊരു പേരക്കുട്ടിയായ അനുഷ്ക (5) ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മരിച്ചവരുടെ സംസ്കാര ചെലവിന് പുറമേ മരിച്ച മൂന്ന് പേർക്കും ഒരാള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായി ബൈരാദ് തഹസില്‍ദാർ ദ്രഗ്പാല്‍ സിംഗ് വൈഷ് അറിയിച്ചു.

Advertisements

Hot Topics

Related Articles