ഇംഫാൽ: മണിപ്പൂരിൽ കലാപം രൂക്ഷമായിരിക്കെ ബി ജെ പിയിൽ നിന്ന് പിന്തുണ പിൻവലിച്ച് കുക്കി പീപ്പിൾസ് അലയൻസ്. എൻ ഡി എ സഖ്യത്തിൽ നിന്നും പിൻവാങ്ങുന്നതായി പാർട്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ട് എം എൽ എ മാരാണ് പാർട്ടിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ കുക്കി പീപ്പിൾസ് അലയൻസിന്‍റെ പിന്തുണ പിൻവലിക്കൽ നിലവിൽ സർക്കാരിന് ഭീഷണിയല്ല.
അതേസമയം മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുകയാണ്. ആറ് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്വാക്ടയിൽ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്. തുടർന്ന് കുക്കി മേഖലകളിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. ഇംഫാലിൽ 22 വീടുകൾക്ക് തീയിട്ടു. 18 പേർക്ക് ഇന്നലെ നടന്ന സംഘർഷത്തിൽ പരിക്കേറ്റു. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.
ഇംഫാലിൽ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലിൽ കുകികളുടെ ആളൊഴിഞ്ഞ വീടുകൾക്ക് നേരെ വ്യാപക ആക്രമുണ്ടായി. ചുരചന്ദ്പ്പൂർ, ബീഷ്ണുപൂർ എന്നിവിടങ്ങളിൽ ഇന്നും വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്.