പത്തനംതിട്ട: നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജില്ലയുടെ ചുമതല കൂടിയുളള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട മാന്തുക ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാകിരണം എന്ന പുതിയ മിഷനിലൂടെ അക്കാദമിക്ക് സാഹചര്യം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ള നാടിന്റെ സമ്മാനമാണ് ഈ സ്‌കൂള്‍. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളിലും ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഒരു നാട് മുഴുവന്‍ ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് മാന്തുക ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ വികസനത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
ഓന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍.രഞ്ചു, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ എം. സന്ദീപ് എന്നിവര്‍ക്ക് ലാപ്‌ടോപ്പ് നല്‍കി കുട്ടികള്‍ക്കായി പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ ഭാഗമായി ഈ സ്‌കൂളിനെ തെരഞ്ഞെടുത്തതില്‍ ആറന്മുള മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി വഹിച്ച പങ്ക് വലുതാണ്.