കുമരകം: കുമരകത്ത് പൊലീസിനെക്കണ്ട് ഭയന്നോടി പാടശേഖരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ജിജോ നിരവധി ക്രിമിനൽക്കേസിലെ പ്രതിയെന്ന പ്രചാരണം തെറ്റ്. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച മറയ്ക്കാൻ ചില ഉദ്യോഗസ്ഥർ തന്നെ ബോധപൂർവം നടത്തുന്ന കള്ളപ്രചാരണമാണ് ലിജോയുടെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന വാദം. ലിജോയുടെ പേരിൽ ആകെയുണ്ടായിരുന്നത് ഒരേ ഒരു കേസ് മാത്രമാണെന്നും ജാഗ്രതാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. അതും റോഡിൽ വാഹനങ്ങൾ ഹോണടിച്ചതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്.
വൈക്കം വച്ചൂർ അച്ചിനകം വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ജിജോ(26)യെയാണ് ഞായറാഴ്ച രാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ ആരംഭിച്ച സംഭവങ്ങളാണ് ജിജോയുടെ മരണത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ജിജോയും സുഹൃത്തും കൂടി കുമരകം ഭാഗത്തേയ്ക്കു ബൈക്കിൽ വരികയായിരുന്നു. ഈ സമയത്താണ് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം റോഡിൽ അലക്ഷ്യമായി, എടിഎമ്മിനു മുന്നിൽ പാർക്ക് ചെയ്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു മുൻപ് ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്കിനെ മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് എസ്.പിയുടെ വാഹനമാണ് എന്നു സംശയിച്ചാണ് യുവാക്കൾ എടി.എം കൗണ്ടറിനു മുന്നിലെത്തി വാഹനത്തിൽ അടിച്ചതും ബഹളം വച്ചതുമെന്നാണ് ലഭിക്കുന്ന സൂചന. ഈ സമയം യൂണിഫോമിലല്ലാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് കാറിനുള്ളിലുണ്ടായിരുന്നത്. യുവാക്കൾ കാറിൽ അടിക്കുന്നത് കണ്ട എ.ടി.എം കൗണ്ടറിനുള്ളിൽ നിന്നും യൂണിഫോം ധാരിയായ പൊലീസ് ഉദ്യോഗസ്ഥർ പുറത്തേയ്ക്ക് ഇറങ്ങി വന്നു. ഇതോടെ യുവാക്കൾ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു.
സംഭവം അറിഞ്ഞ് കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും യുവാക്കൾ രക്ഷപെട്ട് പോയിരുന്നതായി കുമരകം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസപെക്ടർ വി.സജികുമാർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതിനു ശേഷം യുവാക്കൾ നേരെ പോയത് കുമരകത്തെ ഒരു ബാറിനു മുന്നിലേയ്ക്കായിരുന്നു. ജിജോയെ ബാറിനു മുന്നിൽ ഇറക്കി വിട്ട ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ഇവിടെ നിന്നും പോയി. ബാറിനുള്ളിൽ കയറി മദ്യപിച്ച ശേഷം ജിജോ പുറത്തിറങ്ങി വന്നപ്പോൾ ബാറിനു മുന്നിൽ നിൽക്കുന്ന പൊലീസ് സംഘത്തെ കണ്ടു. തുടർന്നു ഇവിടെ നിന്നും ബാറിനുള്ളിലേയ്ക്കു തന്നെ ഇയാൾ തിരിഞ്ഞോടി. ബാറിന്റെ മതിൽ ചാടി രക്ഷപെടുന്നതിനിടെ ചതുപ്പിൽ പുതഞ്ഞാണ് ഇയാളുടെ മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. രാത്രി പന്ത്രണ്ടു മണിയോടെ ചതുപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് ബാർ ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
ഇതിനിടെ, ജിജോ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന രീതിയിൽ പ്രചാരണവും ഉണ്ടായി. എന്നാൽ, ജിജോയ്‌ക്കെതിരെ ഗുരുതരമായ ക്രിമിനൽക്കേസുകൾ ഒന്നും തന്നെ നിലവിലില്ലെന്നു ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജിജോയ്‌ക്കെതിരെ ആകെയുള്ളത് ഒരു കേസ് മാത്രമാണ്. അതും വാഹനങ്ങൾ ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയ കേസാണെന്നാണ് കുമരകം പൊലീസ് പറയുന്നത്. എന്നാൽ, ജിജോയുടെ മരണത്തിലുണ്ടായ ദുരൂഹത നീക്കാൻ ഉന്നത തല അന്വേഷണം തന്നെ ആവശ്യമാണെന്നു നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.