കുമ്പള: വീടുപൂട്ടി വീട്ടുകാർ ജോലിക്ക് പോയ സമയത്ത് വീട് കുത്തിതുറന്ന് കവർച്ച 33 പവനും 33,000 രൂപയും കവർന്നു. കുമ്പള നായ്ക്കാപ്പിലാണ് കവർച്ച നടന്നത്. നീർച്ചാലിലെ കനറാ ബേങ്ക് ഉദ്യോഗസ്ഥൻ നായ്ക്കാപ്പിൽ താമസിക്കുന്ന മാതൃ നിലയത്തിൽ വാസുദേവയുടെ വീടിൻ്റെ കിടപ്പുമുറിയുടെ ഗ്രിൽസ് മുറിച്ച് അകത്ത് കയറിയ മോഷ്ടാവ് ആഭരണങ്ങളും 11,000 രൂപയും കവർന്നു. തൊട്ടടുത്ത് താമസിക്കുന്ന കുമ്പള ടൗണിൽ ടൈലറിംഗ് സ്ഥാപനം നടത്തുന തിരുമല മോഹൻദാസിൻ്റെ വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് മൂന്നര പവൻ്റെ ആഭരണങ്ങളും 22,000 രൂപയും കവർന്നു. ഇന്നലെ രാവിലെ 9.30 ന് വീട് പൂട്ടി ഇരുവരും ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം 6.30 ഓടെ തിരിച്ചു വന്നപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുമ്പള പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടങ്ങി.