കോട്ടയം : കോട്ടയം നഗരത്തിലെ കുടുംബശ്രീ സരസ് മേളക്ക് അംഗങ്ങളെ എത്തിക്കാൻ പ്രൈവറ്റ് ബസ്സുകൾ എത്തിച്ചതിനെതിരെ പ്രതിഷേധം ശക്തം. നിയമം ലംഘിച്ച് പെർമിറ്റ് ഇല്ലാത്ത റൂട്ടിൽ സ്വകാര്യ ബസുകൾ എത്തിക്കാൻ സർക്കാർ തന്നെ മുൻകൈയെടുത്തതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. സർക്കാർ നേതൃത്വത്തിൽ നാഗമ്പടത്ത് സംഘടിപ്പിക്കുന്ന സരസ് മേളയുടെ ഭാഗമായുള്ള റാലിയിൽ പങ്കെടുക്കുന്നതിന് കുടുംബശ്രീ അംഗങ്ങളെ എത്തിക്കുന്നതിനാണ് പെർമിറ്റ് ലംഘിച്ച് സ്വകാര്യ ബസ്സുകൾ സർവീസ് നടത്തിയത്.
ഇതിനെതിരെ ടൂറിസ്റ്റ് ബസ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സരസ്മേളയ്ക്ക് കുടുംബശ്രീ അംഗങ്ങളെ എത്തിച്ച സ്വകാര്യ ബസ്സിനു മുന്നിൽ പൊതിച്ചോറുമായി എത്തിയ ടൂറിസ്റ്റ് ബസ് അസോസിയേഷൻ പ്രതിനിധികൾ സ്വകാര്യ ബസിന് മുന്നിലിരുന്ന് ചോറിൽ മണ്ണുവാരിയിട്ട് പ്രതിഷേധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തരുതെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് സ്വകാര്യ ബസ്സുകൾ ഇന്ന് കുടുംബശ്രീ അംഗങ്ങളുമായി സരസ് മേളയുടെ റാലിക്ക് എത്തിയത്. നാഗമ്പടത്തും കളക്ടറേറ്റിനു സമീപത്തുമായി കുടുംബശ്രീ അംഗങ്ങളെ ഇറക്കിയശേഷം സ്വകാര്യ ബസ്സുകൾ കോടിമതയിലാണ് പാർക്ക് ചെയ്തിരുന്നത്.
ഇവിടെയെത്തിയ ടൂറിസ്റ്റ് ബസ് അസോസിയേഷൻ അംഗങ്ങളാണ് പ്രതിഷേധവുമായി എത്തിയത്. പൊതിച്ചോറുമായി എത്തിയവർ സ്വകാര്യ ബസ്സിന് മുന്നിലിരുന്ന് ചോറ് കഴിക്കുകയും സംഘടനാ അംഗങ്ങളിൽ ചിലർ ഈ പൊതിച്ചോറിൽ മണ്ണുവാരി ഇടുകയും ചെയ്യുകയായിരുന്നു. ടൂറിസ്റ്റ് ബസുകൾക്കെതിരെ പലവിധ നടപടികൾ സ്വീകരിക്കുന്ന മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഒത്താശയോടുകൂടിയാണ് സരസ് മേളയ്ക്ക് കുടുംബശ്രീ അംഗങ്ങളെ എത്തിക്കാൻ സ്വകാര്യ ബസ്സുകൾ പെർമിറ്റ് ലംഘിച്ച സർവീസ് നടത്തിയതെന്ന് ഇവർ ആരോപിക്കുന്നു.