കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പ്രിയ നേതാവുമായ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സിനിമാ താരം കുഞ്ചാക്കോ ബോബൻ. വ്യക്തിപരമായും കുടുംബപരമായും ഉമ്മൻ ചാണ്ടിയെ അറിയാം. ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കയറിച്ചെല്ലാൻ കഴിയും. എനിക്കെന്നല്ല, എല്ലാവർക്കും അതുപോലെ കേറിച്ചെല്ലാൻ കഴിയും. എല്ലാവരേയും ഒരു പോലെ കാണുന്ന നേതാവാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
ജനങ്ങൾക്കു വേണ്ടി മാത്രം സമയം കണ്ടെത്തി ചിലവഴിച്ചിരുന്ന നേതാവാണ് ഉമ്മൻചാണ്ടി. രാത്രി ഒന്നര കഴിഞ്ഞിട്ടാണ് ഒരിയ്ക്കൽ വീട്ടിലേക്ക് ചെന്നത്. അവിടെ ഫയലുകളുടെ കൂമ്പാരത്തിനിടയിൽ ഇരിക്കുന്ന ഉമ്മൻചാണ്ടിയെയാണ് കണ്ടത്. ആ സമയത്തും ജനങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അതിനിടയിൽ ഫോൺ കോളുകളും വരുന്നുണ്ട്. കുറേയാളുകൾ ചുറ്റിലുമുണ്ട്. ആ സമയത്ത് പോലും ഒരു സൗഹൃദ സംഭാഷണത്തിന് തനിക്ക് തോന്നിയില്ല. അപ്പോഴും തിരക്കിനിടയിലായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഈ സംഭവമാണ് ഓർമ്മ വരികയെന്നും ആരോഗ്യം പോലും കണക്കിലെടുക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ് ഉമ്മൻചാണ്ടിയെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, അലങ്കരിച്ച ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായി സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോയി. നാളെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവും. മറ്റന്നാൾ ഉച്ചക്ക് 2 മണിക്കാണ് സംസ്ക്കാരം.