കൊച്ചി : അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇല്ലെന്ന് പറഞ്ഞാൽ നുണയായി പോകുമെന്നും നടൻ കുഞ്ചാക്കോ ബോബൻ. തങ്ങൾക്ക് നേരെയുയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ ആരോപണ വിധേയർ അത് തെളിയിക്കണമെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.’ഞാനെന്നല്ല ആരാണെങ്കിലും ന്യായത്തിന്റെ കൂടെ നിൽക്കുക എന്നതാണ് ചെയ്യേണ്ടത്. കുറ്റാരോപിതർ തങ്ങളുടെ നേരെയുയർന്ന ആരോപണം തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് തെളിയിക്കണം. ആർക്കും എന്തും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയാം. തെറ്റായ ആരോപണങ്ങൾ അവരുടെ കുടുംബത്തെ വരെ ബാധിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അതേസമയം കുറ്റം നടന്നിട്ടുണ്ടെങ്കിൽ ഇരയെ പിന്തുണയ്ക്കുകയാണ് വേണ്ടത്.
കുറേനാൾ മുമ്പ് നടന്നത് ഇപ്പോൾ പറയുന്നു എന്ന് പറയുന്നതിൽ പ്രസക്തിയില്ല. മനപൂർവമായി അമ്മയിൽ നിന്ന് മാറ്റിനിർത്തിയിട്ടോ മാറിനിന്നിട്ടോ ഇല്ല. എന്നാൽ കമ്മ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്നമുണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും. അതിനപ്പുറം അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവർ ചെയ്യുന്ന പ്രവൃത്തികളുടെ കൂടെ ഞാനുണ്ടാകും’, കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് കുഞ്ചോക്കോ ബോബൻ നിലപാട് വ്യക്തമാക്കിയത്.’ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് തുറന്നു സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കാൻ ചില വിട്ടുവീഴ്ചകൾ ചർച്ചകളും പ്രവർത്തനങ്ങളുമുണ്ടാകണം. അതിൽ മുതിർന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ചേർന്നാലെ നന്നാവുകയുള്ളൂ. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകൾ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാവണമെന്നില്ല. പൃഥിരാജും വിജയരാഘവൻ ചേട്ടനുമൊക്കെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നല്ലൊരു ഓപ്ഷനാണ്’, കുഞ്ചാക്കോ ബോബൻ പറഞ്ഞു