ഡല്‍ഹി: കുവൈറ്റിലെ മംഗഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ 49 പേരാണ് ദാരുണമായി മരിച്ചത്. തീപിടിത്തത്തില്‍ മരിച്ച ചില ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് അറിയിച്ചു.കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും ഇതിനുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാലുടന്‍ ബന്ധുക്കളെ വിവരമറിയിക്കും. തുടര്‍ന്ന് വ്യോമസേനാ വിമാനത്തിന്റെ സഹായത്താല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് തീരുമാനം.
തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 42 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവരാണ് ഗുരുതരമായ പൊള്ളലേറ്റ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നതെന്ന് കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു.സംഭവത്തില്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി സംസാരിച്ചു. സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായി അന്വേഷിക്കുമെന്ന് അബ്ദുല്ല അലി അല്‍ യഹ്യ ഉറപ്പുനല്‍കിയതായി അദ്ദേഹം അറിയിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ജയശങ്കര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി തന്റെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദാരുണമായ സംഭവം അവലോകനം ചെയ്യുകയും തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയിരുന്നു.