തിരുവല്ല :ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ചു വർഷത്തിനു മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ സ്വദേശിയായ ജോൺസൺ എന്നയാളുടെ ഭാര്യ ക്രിസ്റ്റീനയാണ് (26 ) കുട്ടികളുമായി ആറന്മുള തെക്കേ മലയിൽ താമസിച്ചു വരവേ 2017 ജൂലൈയിൽ കാണാതാവുകയായിരുന്നു.തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . ഇലന്തൂർ നരബലി കേസിനു ശേഷം, മുൻപ് രജിസ്ററർ ചെയ്ത കേസുകളിൽ ഇതു വരെ കണ്ടെത്താത്ത സ്ത്രീകളുടെ കേസുകൾ പുനരന്വേഷണം നടത്തുന്നതിനായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിൽ ആണ് കോട്ടയം കൊടുങ്ങൂർ എന്ന സ്ഥലത്തുനിന്ന് യുവതിയെ കണ്ടെത്തിയത്.
2017 ൽ കാണാതായതിന് ശേഷം ഇവർ ബാംഗ്ലൂരിൽ ഒരു വർഷം ഹോം നഴ്സ് ആയി ജോലി നോക്കുകയും, പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ താമസിച്ചുവരികയായിരുന്നു. ഈ കാലയളവിൽ തമിഴ്നാട്ടിലുള്ള ബന്ധുക്കളുമായി ഒന്നും ഇവർ ബന്ധം പുലർത്തിയിരുന്നില്ല. കണ്ടെത്തിയ യുവതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ്, എസ് ഐ ഹരീന്ദ്രൻ നായർ , എ എസ് ഐ സജീഫ് ഖാൻ , എസ് സി പി ഓ സലിം സിപിഓ ലേഖ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.