പാഠപുസ്തകത്തിലെ ചിത്രങ്ങളും പാഠങ്ങളും സ്കൂളിൻ്റെ ചുമരിൽ തെളിഞ്ഞു ; കുരുന്നു പുഞ്ചിരികളിൽ തിളങ്ങി ളാക്കാട്ടൂർ ഗവൺമെൻറ് എൽ പി സ്കൂൾ ; ചുമരുകളിൽ ദൃശ്യ വിരുന്നൊരുക്കി ബസേലിയസിലെ എൻഎസ്എസ് പ്രവർത്തകർ

കോട്ടയം : പാഠപുസ്തകത്തിലെ പാഠങ്ങളും ചിത്രങ്ങളും സ്കൂളിൻ്റെ ചുമരിൽ തെളിഞ്ഞതോടെ ഇരട്ടി സന്തോഷത്തിലാണ് ളാക്കാട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ കുട്ടികൾ. കൂരോപ്പട പഞ്ചായത്തിലെ ഈ സർക്കാർ എൽ പി സ്കൂളിൽ വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കിയതാകട്ടെ കോട്ടയം ബസേലിയോസ് കോളേജിലെ എൻഎസ്എസ് പ്രവർത്തകർ. ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും പുതിയ പാഠപുസ്തകത്തിലെ ഭാഗങ്ങളാണ് ഇത്തരത്തിൽ ചുമരിൽ ചിത്രങ്ങളായി തെളിഞ്ഞത്.

Advertisements

കാടും , മലയും , വീടും , കുന്നും , കഥകളിയും , കടലും , ട്രെയിനുമെല്ലാം ദൃശ്യചാരുതയോടെ സ്കൂളിൻറെ ചുമരിൽ തെളിഞ്ഞതോടെ സ്കൂളിലേക്ക് എത്തുവാനുള്ള അവരുടെ താൽപര്യങ്ങളും ഇരട്ടിയായി. ചിത്ര രചനയ്ക്ക് നേതൃത്വം നൽകിയത് ചിത്രകാരൻ ശ്രീകാന്ത് ളാക്കാട്ടുരാണ്. ചുമരിലെ ഏറ്റവും ആകർഷകമായ കഥകളി രൂപം വരച്ചതാകട്ടെ സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം മാത്രം ഉപരി പഠനത്തിനായ് മറ്റൊരു സ്കൂളിലേക്ക് ചേക്കേറിയ ആദിനാഥും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനാൽ തന്നെ പാഠപുസ്തകത്തിലെ ചിത്രം നോക്കി ചിത്രവിവരണമാണ് ഇപ്പോൾ ഇവരുടെ ഒഴിവു സമയങ്ങളിലെ വിനോദം. ളാക്കാട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൻ്റെ അക്കാദമികേതര പ്രവർത്തനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റെടുത്ത ബസേലിയോസ് കോളേജിലെ എൻഎസ്എസ് പ്രവർത്തകരുടെ പുതിയ ആശയത്തിനൊപ്പം സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും പൂർവ വിദ്യാർഥികളും ഒപ്പം ചേർന്നതോടെ സംഗതി കൂടുതൽ കളറായി. അതിനാൽ തന്നെ ഇടവിട്ട് എത്തുന്ന കാലവർഷത്തിലും സ്കൂളിലേക്ക് എത്തുവാൻ തെല്ലും മടിയില്ലവർക്ക്.

സ്കൂളിലേക്ക് ഓടുവാൻ കുരുന്നുകളുടെ താല്പര്യം ഇരട്ടിച്ചതോടെ രക്ഷകർത്താക്കളും ഇരട്ടി സന്തോഷത്തിലാണ്. സ്കൂളിൽ ഇനിയും ഇത്തരം വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ബസേലിയസ് കോളേജിലെ എൻഎസ്എസ് പ്രവർത്തകർ. ഇവർക്ക് പിന്തുണയും പ്രചോദനവുമായി പ്രിൻസിപ്പൽ പ്രൊഫ ഡോ ബിജു തോമസ് , എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. മഞ്ജുഷ വി പണിക്കരും , ഡോ കൃഷ്ണരാജ് എം വിയും ഒപ്പം തന്നെയുണ്ട്.

Hot Topics

Related Articles