തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ മഴ എത്തുന്നു. അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
20-ാം തീയ്യതി വരെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം പ്രവചിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്. ന്യൂന മർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡിഷ – വടക്കൻ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവില്‍ ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഇന്ന് തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത.