പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയുടെ അപേക്ഷകള്‍ അര്‍ഹതാ പരിശോധന നടത്തുന്നതിനു ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ അര്‍ഹതാ പരിശോധനയുടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
പത്തനംതിട്ട ജില്ലയില്‍ ആകെ 53 ഗ്രാമ പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 26927 അപേക്ഷകളാണ് ആകെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 7287 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലാണ്. 951 അപേക്ഷകരാണുള്ളത്. ഏറ്റവും കുറവ് അപേക്ഷകരുള്ളത് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലാണ്. 163 അപേക്ഷകരാണുള്ളത്.
ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍(ഇന്‍ ചാര്‍ജ്), പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, നഗരകാര്യ ജോയിന്റ് സെക്രട്ടറിയുടെ പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.