ദില്ലി : വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസില്‍ പുനരാലോചന. പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയില്‍ മത്സരിപ്പിക്കാൻ നേരത്തെ ആലോചിച്ചിരുന്നു. സോണിയ ഗാന്ധി സ്ഥിരമായി മത്സരിച്ച് ജയിച്ചുവന്ന മണ്ഡലത്തില്‍ ഇക്കുറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. സമാജ്വാദി പാര്‍ട്ടി സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കാനുള്ള പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. ആകെ 80 സീറ്റുകളുള്ള സംസ്ഥാനത്ത് 17 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാമെന്ന നിലപാടാണ് സമാജ്വാദി പാര്‍ട്ടിക്ക്. ഇതില്‍ അമേഠിയും റായ്ബറേലിയും ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസംം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാർട്ടി അംഗങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്തതാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റ പരാജയം, റായ്ബറേലിയിലും ആവര്‍ത്തിക്കുമോയെന്നതാണ് ഭീതി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി വോട്ട് ചെയ്തവരില്‍ ഭൂരിപക്ഷവും റായ്ബറേലി ലോക്സഭാ മണ്ഡലം ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നുള്ളവരാണെന്നത് കോണ്‍ഗ്രസിന്റെ ഭീതി വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സോണിയാ ഗാന്ധി ഒഴിയുന്ന മണ്ഡലത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് പാര്‍ട്ടി ദേശീയ നേതൃത്വം.