ലോക്സഭാ വോട്ടെണ്ണല്‍ : ജില്ലയിൽ ആദ്യഘട്ട പരിശീലനം നല്‍കി

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു. നിയമനം ലഭിച്ച കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ നടന്ന ആദ്യ ബാച്ചില്‍ 100 പേര്‍ക്കും ഉച്ചക്ക് ശേഷം നടന്ന രണ്ടാം ബാച്ചില്‍ 100 പേര്‍ക്കുമായാണ് പരിശീലനം നല്‍കിയത്. മെഷീന്‍ കൗണ്ടിംഗ്, ബാലറ്റ് കൗണ്ടിംഗ് എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് നല്‍കി. സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍മാരായ എം.എസ് വിജുകുമാര്‍, രജീഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
25 ശതമാനം റിസര്‍വ് അടക്കം ആകെ 580 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് 23 (ഇന്ന്) 24നു മായി പരിശീലനം നല്‍കും. രണ്ടാം ഘട്ട പരിശീലനം 27 മുതല്‍ 29 വരെ നടക്കും. ജീവനക്കാര്‍ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles